Image

നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല ; നടപടിയില്‍ പിണങ്ങി ജയരാജന്‍

ജോബിന്‍സ് Published on 18 July, 2022
നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല ; നടപടിയില്‍ പിണങ്ങി ജയരാജന്‍

തനിക്ക് മൂന്നാഴ്ചത്തെ വിമാനയാത്രാ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോയോട് പിണങ്ങി ജയരാജന്‍. ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു.  നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇത്ര നിലവാരമില്ലാത്ത ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയായി ഇനി ഒരു ബന്ധവും ഇല്ല. മാന്യന്‍മാരായ വിമാനക്കമ്പനി വേറെയും ഉണ്ട്.  ഇന്‍ഡിഗോ ഓഫീസിലേക്ക് നോട്ടീസ് വന്നതായി മാത്രമാണ് വിവരം, അല്ലാതെ നേരിട്ട് അറിയിച്ചിട്ടില്ല. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. 

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡിസ്‌കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇ പി പറഞ്ഞു. ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കണമായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക