Image

അഴിമതിക്കാരെ പൂട്ടാന്‍ വിജിലന്‍സ് ; പട്ടിക തയ്യാറാക്കും

ജോബിന്‍സ് Published on 18 July, 2022
അഴിമതിക്കാരെ പൂട്ടാന്‍ വിജിലന്‍സ് ; പട്ടിക തയ്യാറാക്കും

സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി വിജിലന്‍സ്.  അഴിമതി രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ച് വിജിലന്‍സ് മേധാവി മനോജ് എബ്രഹാമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. 

തയ്യാറാക്കുന്ന പട്ടിക നിരന്തരം പുതുക്കും. അഴിമതിക്കാരെ കെണിയില്‍ കുടുക്കി പിടിക്കുന്ന ട്രാപ്പ് കേസുകള്‍ കൂട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഴിമതിക്ക് പേരുകേട്ട വകുപ്പുകളുടെ പട്ടികയും തയ്യാറാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പട്ടിക പ്രകാരമുള്ള ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വിജിലന്‍സിന്റെ നിരീക്ഷണം എപ്പോഴുമുണ്ടാകും.

പുതിയ സോഫ്റ്റ് വെയറും ഡിജിറ്റല്‍ ഉപകരണങ്ങളും നല്‍കി അഴിമതി വിരുദ്ധ പോരാട്ടവും ഹൈടെക്കാക്കും. പര്‍ച്ചേസ്, ഫയലുകളും പണവും കൈമാറ്റമെല്ലാം പരമാവധി ഓണ്‍ലൈനാക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വമല്ലാത്ത ഭരണപരമായ പിഴവുകളില്‍ ക്രൂശിക്കപ്പെടരുതെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തിയേക്കും. ഉദ്യോഗസ്ഥരുടെ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനം കണ്ടെത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഭീമന്‍ പര്‍ച്ചേസുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക