Image

വിമാനത്തിലെ പ്രതിഷേധം : ജയരാജന് മൂന്നാഴ്ചയും പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും യാത്രാ വിലക്ക് 

ജോബിന്‍സ് Published on 18 July, 2022
വിമാനത്തിലെ പ്രതിഷേധം : ജയരാജന് മൂന്നാഴ്ചയും പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും യാത്രാ വിലക്ക് 

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ച വിമാനയാത്രക്ക് വിലക്ക്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. ഇതേ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.

പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പിണറായി വിജയന്റെ യാത്രയിലാണ് പ്രതിഷേധം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവരാണ് പ്രതിഷേധിച്ചത്.

തുടര്‍ന്ന് ഇവരെ ഇ പി ജയരാജന്‍ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുത്തിരുന്നു. ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ആവശ്യം മുഖ്യമന്ത്രി തള്ളിക്കളയുകയായിരുന്നു.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ പി ജയരാജന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പിണറായി വിജയന്റെ വാദം. അതേസമയം അറസ്റ്റിലായ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക