Image

വാക്‌സീന്‍ ഡോസ് 200 കോടിയില്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി

Published on 17 July, 2022
 വാക്‌സീന്‍ ഡോസ് 200 കോടിയില്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി


ന്യുഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ചും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി്. കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഊര്‍ജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചെന്നും 200 കോടി വാക്‌സിന്‍ ഡോസ് കടക്കാനായതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിനന്ദനങ്ങളെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ വാക്‌സിനേഷന്‍ അളവിലും വേഗതയിലും സമാനതകളില്ലാത്തതാക്കി മാറ്റുന്നതില്‍ സംഭാവന നല്‍കിയ എല്ലാവരെയും ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.


രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം ഇന്ന് രാവിലെയാണ് ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടത്. 18 മാസം കൊണ്ടാണ് രാജ്യം ഈ  നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കൊവിഡ് വാക്‌സീന്‍ വിതരണം കൃത്യം 18 മാസം പിന്നിടുമ്പോഴാണ് അപൂര്‍വ നേട്ടം. ഇന്ന് പന്ത്രണ്ടേ കാലോടെ ഇന്ത്യയിലാകെ വിതരണം ചെയ്ത വാക്‌സീന്‍ ഡോസുകളുടെ എണ്ണം ഇരുന്നൂറ് കോടി പിന്നിടുകയായിരുന്നു. ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്താകെ 47000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്‌സീന്‍ നല്‍കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് നാലാം തരംഗ സാധ്യത നിലനില്‍ക്കേ ബൂസ്റ്റര്‍ ഡോസുകള്‍ പരമാവധി നല്‍കുന്നതിലാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ശ്രദ്ധ. ജൂലൈ പതിനഞ്ച് മുതല്‍ 75 ദിവസം പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 55,14,860 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തു കഴിഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക