Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 17 July, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

രാജ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുര്‍മു വിജയമുറപ്പിച്ച സ്ഥിതിയാണുള്ളത്. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ് ദ്രൗപതി മുര്‍മു. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഇതിനോടകം അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപതി മുര്‍മു ഉറപ്പിച്ചു കഴിഞ്ഞു.
***************************
പ്രതിപക്ഷത്തിന്റേയും ഭരണപക്ഷത്തിന്റേയും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകും. 
കോണ്‍ഗ്രസ് നേതാവായ മാര്‍ഗരറ്റ് ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്നു.
**************************
തൊണ്ടി മുതല്‍ മോഷണ കേസില്‍ മന്ത്രി ആന്റണി രാജുവിന് എതിരായ നിര്‍ണായക തെളിവുകള്‍ പുറത്ത്. കൃത്രിമത്വം നടത്തിയെന്ന് പറയപ്പെടുന്ന തൊണ്ടി മുതല്‍ കോടതിയില്‍ നിന്ന് എടുത്തതും തിരികെ നല്‍കിയതും ആന്റണി രാജുവാണെന്ന് ചൂണ്ടിക്കാണിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ലഹരിമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതല്‍ മോഷ്ടിച്ച് കൃത്രിമം കാണിച്ചെന്നാണ് പരാതി. 16 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. 
*****************************
സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നത്. 
********************************
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് തമിഴ്‌നാട് കള്ളാക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. പൊലീസ് വാനടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍  പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.
**********************************
എം.എം.മണിയുമായുള്ള തര്‍ക്കത്തില്‍ ആനി രാജയെ പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന നേതൃത്വം. നേതാക്കളുമായി ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. നിലപാട് പറയേണ്ട വേദിയില്‍ പ്രതികരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചിഞ്ചുറാണി ഒഴിഞ്ഞുമാറി. അതേ സമയം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും കാനമടക്കമുള്ള എല്ലാ നേതാക്കളും പ്രതികരിക്കണമെന്നില്ലെന്നും ആനി രാജ പറഞ്ഞു.
*************************************
രാജ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ സ്‌പെസ്‌ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങള്‍ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ ഒരു അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ വാദം കേള്‍ക്കും.
*********************************
മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍ ഇളവ് തേടി കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയിലേക്ക്. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന്‍ പുറത്തിറങ്ങാനായിട്ടില്ല. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക