Image

ഒരു ധൻകറും നിരവധി ചീട്ടുകളും  

പി  പി മാത്യു  Published on 17 July, 2022
ഒരു ധൻകറും നിരവധി ചീട്ടുകളും  



ജഗ്‌ദീപ് ധൻകർക്കു ഉപരാഷ്ട്രപതിയാവാൻ യോഗ്യത കുറവൊന്നുമില്ല. സുപ്രീം കോടതിയിൽ ഉൾപ്പെടെ പ്രാക്ടീസ് ചെയ്തിട്ടുള്ള പ്രഗത്ഭനായ അഭിഭാഷകനു രാജ്യ സഭാ അദ്ധ്യക്ഷൻ എന്ന നിലയ്ക്കുള്ള ചുമതലകൾ നിറവേറ്റാനുള്ള പരിജ്ഞാനമുണ്ട്. പ്രായോഗിക തലത്തിൽ രാഷ്ട്രപതിയേക്കാൾ സജീവമായ ഉത്തരവാദിത്തങ്ങൾ ഉപരാഷ്ട്രപതിക്കു ഉണ്ടെന്നു ഓർക്കുക. ആ ചുമതലകൾ വഹിക്കാൻ വേണ്ട പ്രാഗത്ഭ്യം ധൻകർ തെളിയിച്ചിട്ടുണ്ട്. 

ആ നിലയ്ക്കു ബി ജെ പി യുടെ തിരഞ്ഞെടുപ്പ് ന്യായമാണ്. എന്നാൽ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി ഇല്ലാതെ 2024 ൽ ലോക് സഭാ തിരഞ്ഞെടുപ്പ് നേരിടുന്ന ഭരണ കക്ഷി ഇങ്ങിനെയൊരു നീക്കം നടത്താൻ സാധ്യതയില്ലല്ലോ. 

തീർച്ചയായും ഉണ്ട്. ധൻകറുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമ്പോൾ ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'കിസാൻ പുത്ര' എന്നാണ്. അതായതു കർഷകന്റെ പുത്രൻ. സമകാലീന രാഷ്ട്രീയത്തിൽ അതിനു ഏറെ പ്രസക്തിയുണ്ടല്ലോ. 

ബി ജെ പി അധികാരത്തിൽ വന്ന ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായിരുന്നു കരിനിയമങ്ങൾക്കെതിരെ കർഷകർ നടത്തിയത്. രണ്ടു വർഷത്തോളം നീണ്ട സമരത്തിന്റെ നട്ടെല്ലൊടിക്കാൻ അവരെ ഖലിസ്ഥാൻ തീവ്രവാദികൾ എന്നു വരെ വിളിച്ച നരേന്ദ്ര മോദി സർക്കാരിനു പക്ഷെ അവർ രണ്ടു വർഷത്തോളം കഠിനമായ കാലാവസ്ഥയെയും കോവിഡ് മഹാമാരിയെയും അതിജീവിച്ചു നിന്നപ്പോൾ കീഴടങ്ങേണ്ടി വന്നു. യു പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ആസന്നമായ നേരത്തു വേറെ വഴിയില്ലായിരുന്നു. കാർഷിക നിയമം പിൻ‌വലിക്കുന്നു എന്ന് പ്രഖാപിക്കുമ്പോൾ വലിയൊരു തെറ്റു പറ്റിയെന്നു സമ്മതിച്ച മോദി അവരോടു മാപ്പു ചോദിക്കയും ചെയ്തു. 

ജനാധിപത്യ ഭരണത്തിൽ അങ്ങിനെയൊരു മാപ്പു ചോദിക്കുന്നത് നാണക്കേടൊന്നുമല്ല. പക്ഷെ ബിജെ പി യുടെയോ മോദിയുടെയോ ശൈലി ഒരിക്കലൂം അതായിരുന്നില്ല. അടിച്ചമർത്തലിന്റെ ശൈലി നടപ്പാക്കുന്ന ഭരണകൂടം മുട്ടിൽ നിന്ന് മാപ്പു ചോദിച്ചത്  സുപ്രധാനമായ തിരഞ്ഞെടുപ്പുകൾ ആസന്നമായപ്പോൾ  കർഷകന്റെ കരുത്തു നിസാരമായി കണ്ടു കൂടാ എന്നു തിരിച്ചറിഞ്ഞാണ്. 

കർഷക സംഘടനകളെ പിളർത്തിയാണ് ഇപ്പോൾ അതിനു പകരം ചോദിക്കുന്നത്. എന്നാൽ സംഘടന പിളർന്നാലും സമരത്തിന്റെ കാഠിന്യം അനുഭവിച്ചവരിൽ പക നിലനിൽക്കാം. അവരെയും സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവും പ്രസക്തമായിരിക്കെ അതിനു ലഭിച്ച ആദ്യത്തെ അവസരം പ്രയോജനപ്പെടുത്തി എന്നു  കാണുക. 

'കിസാൻ പുത്ര' എന്ന വിശേഷണത്തിൽ ആർക്കും അഭിമാനിക്കാം. മണ്ണിന്റെ മകനാണ് കഠിനാധ്വാനം ചെയ്തു ജീവിതത്തിൽ വിജയങ്ങൾ നേടിയിട്ടുള്ള ധൻകർ. രാജസ്ഥാനിലെ കുഗ്രാമത്തിൽ ജനിച്ചു സർക്കാർ സ്കൂളുകളിൽ പഠിച്ചു വളർന്ന അദ്ദേഹം പ്രതിഭാശാലിയെന്ന വിശേഷണം അർഹിക്കുന്നയാൾ തന്നെ. 

അതിനപ്പുറം ഒരു കിസാൻ കാർഡ് കൂടിയുണ്ട് ഈ തിരഞ്ഞെടുപ്പിൽ. ജാട്ട് വംശജനാണ് ധൻകർ. കർഷക സമരകാലത്തു ബി ജെ പി യിൽ നിന്ന് ഏറ്റവും അകന്നു പോയ പ്രബല സമുദായം. രാജസ്ഥാനിൽ ജാട്ടുകൾക്കു ഓ ബി സി (മറ്റു പിന്നോക്ക ജാതി) സംവരണം നേടിയെടുക്കുന്നതിനുള്ള പോരാട്ടം നയിച്ച ചരിത്രം കൂടിയുണ്ട് ധൻകറിന്. പാർട്ടിയിൽ നിന്ന് അകന്ന സമുദായത്തെ തണുപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിഞ്ഞാൽ അതൊരു നേട്ടമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി വേരുകളുള്ള സമുദായമാണ് ജാട്ടുകൾ. 

രാജസ്ഥാനിൽ ബി ജെ പിക്ക് ഇളക്കാൻ കഴിയാതെ പിടിച്ചു നിൽക്കുന്ന കോൺഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പിൽ വീഴ്ത്താനുള്ള കരുനീക്കങ്ങൾ ബി ജെ പി നടത്തുന്നത് രഹസ്യമൊന്നുമല്ല. മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് തന്റെ മന്ത്രിസഭ ഇത്രകാലം നിലനിന്നതിൽ തനിക്കു തന്നെ അത്ഭുതം തോന്നുന്നു എന്നാണ്. അടുത്ത വര്ഷം ഡിസംബറിൽ നിയമസഭയുടെ കാലാവധി തീരും മുൻപ് ഒരട്ടിമറി നടത്താൻ ബി ജെ പി ശ്രമിക്കുമെന്ന് അദ്ദേഹം തന്നെ കരുതുന്നു. 

ചില എം എൽ എ മാർ വീണു കിട്ടിയാൽ അതു നടക്കാം. അത്തരം രാഷ്ട്രീയ അട്ടിമറികൾക്കു പറ്റിയ ചില കാർഡുകൾ ധൻകർ കൈയിൽ വച്ചിട്ടുണ്ടെന്നു സൂചനയുമുണ്ട്. സമുദായം ഒരു ചീട്ടാണെങ്കിൽ പണവും പദവിയും മറ്റു ആകര്ഷണങ്ങളാണ്‌. അല്ലെങ്കിൽ പിന്നെന്തു രാഷ്ട്രീയം. 

ബംഗാളിൽ ഗവർണറായിരിക്കെ അത്തരം മിടുക്കു കാട്ടിയിട്ടുണ്ട് ധൻകർ. മുഖ്യമന്ത്രി മമതാ ബാനർജിയെ വീഴ്ത്താൻ ബി ജെ പി നടത്തിയ ശ്രമങ്ങൾക്കു പിന്നിൽ ഗവർണർ സജീവമായിരുന്നു. ഭരണഘടനയും കിഴ്വഴക്കങ്ങളും അത് അനുവദിക്കുന്നില്ലെങ്കിലും  ബി ജെ പി യുടേതല്ലാത്ത ഭരണ കൂടത്തെ വേരോടെ പിഴുതെറിയാൻ അദ്ദേഹം ശ്രമം നടത്തി. മമതയ്ക്ക് നിരന്തരം പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. ഫയലുകൾ പിടിച്ചു വയ്ക്കുക, നിസാര കാര്യത്തിനു ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥന്മാരെ വിളിച്ചു വരുത്തുക എന്നിങ്ങനെ മുഖ്യമന്ത്രിയെ കൊച്ചാക്കാൻ കഴിയുന്ന പലതും യാതൊരു മടിയുമില്ലാതെ അദ്ദേഹം ചെയ്തു. 

മൂന്ന് വർഷം ഗവർണറായിരുന്ന അദ്ദേഹത്തിന് അതിനിടെ വന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തോൽപിക്കാൻ പക്ഷെ കഴിഞ്ഞില്ല. എങ്കിലും, നിയമസഭയിൽ നാമമാത്ര പ്രാതിനിധ്യം ഉണ്ടായിരുന്ന ബി ജെ പി യെ പ്രധാന പ്രതിപക്ഷമാക്കാനുള്ള കളികളിൽ പ്രധാന തന്ത്രം ധൻകറുടേതായിരുന്നു. അതിനുള്ള നന്ദി കൂടിയാണ് ബി ജെ പി ഇപ്പോൾ പ്രകടിപ്പിച്ചത്. 


ആർ എസ് എസിന്റെ പിന്തുണയും ധൻകർക്കു മുതൽകൂട്ടായി. സംഘ് പരിവാറിലെ ഒരു വിഭാഗത്തിന് ജാട്ട് സ്ഥാനാർത്ഥിയോട് പ്രത്യേക മമതയുണ്ട്. രാഷ്‌ട്രപതി സ്ഥാനാർഥി ആദിവാസി വനിത ആയിരിക്കെ ഉപരാഷ്ട്രപതി ഉയർന്ന ജാതിക്കാരനാവണം എന്ന് അവർ നിഷ്കർഷിച്ചിരുന്നു. കേരളത്തിൽ ധൻകറുടെ ശൈലി സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര മന്ത്രി ആയിരുന്ന മുക്താർ അബ്ബാസ് നക്‌വിക്കും പരിഗണന ലഭിക്കാതെ പോയത് അതു കൊണ്ടാണെന്ന് സംഘ് പരിവാർ വൃത്തങ്ങൾ പറയുന്നു. 

നക്‌വി ബംഗാൾ ഗവര്ണറാവുമെന്നു സൂചനയുണ്ട്. വാജ്‌പേയിയുടെ കാലം മുതൽ ബി ജെ പി യുടെ കേന്ദ്ര മന്ത്രി ആയിരുന്ന അദ്ദേഹം പാർട്ടിയിൽ ഉറച്ച വേരുകളുള്ള നേതാവാണ്. യു പിയിൽ നിന്നുള്ള ഈ ഷിയാ നേതാവിനു മമതാ ബാനർജിയുമായി സൗഹാർദവുമുണ്ട്. ഇരുവരും വാജ്പേയി മന്ത്രിസഭയിൽ ഒന്നിച്ചുണ്ടായിരുന്നു. പൊതുവെ ശാന്തനും മിതഭാഷിയുമാണ് നക്‌വി എന്നാണ് നിരീക്ഷകർ പറയുന്നത്. 

മുൻ കേന്ദ്രമന്ത്രിയും മുൻ ഗവര്ണറുമായ മാർഗരറ്റ് ആൽവയാണ് ധൻകറുടെ എതിരാളി. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക