Image

തൊണ്ടി മുതല്‍ മോഷണ കേസ്; ആന്റണി രാജുവിന് എതിരെ നിര്‍ണായക രേഖകള്‍ പുറത്ത്

ജോബിന്‍സ് Published on 17 July, 2022
തൊണ്ടി മുതല്‍ മോഷണ കേസ്; ആന്റണി രാജുവിന് എതിരെ നിര്‍ണായക രേഖകള്‍ പുറത്ത്

തൊണ്ടി മുതല്‍ മോഷണ കേസില്‍ മന്ത്രി ആന്റണി രാജുവിന് എതിരായ നിര്‍ണായക തെളിവുകള്‍ പുറത്ത്. കൃത്രിമത്വം നടത്തിയെന്ന് പറയപ്പെടുന്ന തൊണ്ടി മുതല്‍ കോടതിയില്‍ നിന്ന് എടുത്തതും തിരികെ നല്‍കിയതും ആന്റണി രാജുവാണെന്ന് ചൂണ്ടിക്കാണിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.

ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം നടത്തിയത്. 16വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.

ലഹരിമരുന്ന് കടത്ത് കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിയുന്നു.
വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു.

അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍ ആകുന്നത്. ഈ വിദേശിയെ കേസില്‍ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത്. ആന്റണി രാജുവിന്റെ സീനിറായി അഭിഭാഷക സെലിന്‍ വില്‍ഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മയക്കുമരുന്ന്  കേസില്‍ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാര്‍ലിയെ വെറുതെവിട്ടു.

പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലില്‍ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജയമോഹന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങുന്നത്. 

എന്നാല്‍ കേസ് പ്രതിയായ വിവരമുള്‍പ്പെടെ പരസ്യം നല്‍കിയ ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും തന്റെ അഭിഭാഷകന്‍ കൃത്യമായി കോടതിയില്‍ ഹജരാകുന്നുണ്ടെന്നുമാണ് മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക