Image

എംഎം മണിയുടെ കാര്യത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് നേതാക്കളോട് സിപിഐ 

ജോബിന്‍സ് Published on 17 July, 2022
എംഎം മണിയുടെ കാര്യത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് നേതാക്കളോട് സിപിഐ 

എം എം മണി എംഎല്‍എ നടത്തിയ വിവാദ പരമാര്‍ശങ്ങളില്‍ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഐ. സിപിഎം - സിപിഐ പോരായി വിഷയം വ്യാഖ്യാനിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് തീരുമാനം. പരാമര്‍ശത്തെ കുറിച്ച് സ്പീക്കര്‍ തീരുമാനിക്കട്ടെയെന്ന കാനം രാജേന്ദ്രന്റെ നിലപാട് ഔദ്യോഗിക തീരുമാനമെന്ന് നേതാക്കളെ അറിയിച്ചു.

വിഷയത്തില്‍ ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. അതേ കുറിച്ച് പാര്‍ട്ടി അദ്ദേഹത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം. ആനി രാജയുടെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായതിലും സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

എംഎം മണിയുടെ പരാമര്‍ശത്തില്‍ പുതിയ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. നിയമസഭയിലാണ് കെ കെ രമയ്‌ക്കെതിരായ പരാമര്‍ശം് ഉണ്ടായത്. അതിനാല്‍ അക്കാര്യത്തില്‍ പരിശോധന നടത്തി തീരുമാനം സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നുമാണ് കാനം പറഞ്ഞത്.

ആനി രാജയ്‌ക്കെതിരെ എംഎം മണി നടത്തിയ അധിക്ഷേപത്തില്‍ ഭൂരിഭാഗം സിപിഐ നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ടെങ്കിലും ആനി രാജയെ അനുകൂലിച്ച് പിണറായിയെ പിണക്കാന്‍ കാനം രാജേന്ദ്രന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ ദേശീയ നേതാവായ വനിതയെ ഇത്രയധികം കടന്നാക്ഷേപിച്ചിട്ടും പ്രതികരിക്കാത്ത കാനത്തിന്റെ നിലപാട് അമിത സിപിഎം വിധേയത്വമാണെന്നും വിമര്‍ശനമുണ്ട്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക