Image

യുഡിഎഫിലാണോ? എല്‍ഡിഎഫിലാണോ ? ലീഗ് യോഗത്തില്‍ ഉത്തരം മുട്ടി കുഞ്ഞാലിക്കുട്ടി

ജോബിന്‍സ് Published on 17 July, 2022
യുഡിഎഫിലാണോ? എല്‍ഡിഎഫിലാണോ ? ലീഗ് യോഗത്തില്‍ ഉത്തരം മുട്ടി കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ പ്രതിപക്ഷ ഉപനോതാവാണ് കുഞ്ഞാലിക്കുട്ടി. ലീഗ് യുഡിഎഫിനോടൊപ്പം ഉറച്ചി നില്‍ക്കുമ്പോഴും എന്നും പിണറായിയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവാണ് പി.കെ കുഞ്ഞാലിക്കുട്ടി. ഇനി ലീഗിന്റെ കാര്യത്തിലായാലും ഭരണം പാണക്കാട്ട് നിന്നായാലും അധികാര കേന്ദ്രവും അവസാന വാക്കും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. എന്നാല്‍ ഇപ്പോല്‍ ലീഗിലെ തന്നെ അതൃപ്തര്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വാളോങ്ങുകയാണ്. 

ഇന്നലെ ലീഗ് പ്രസിഡന്റ് സാദ്ദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ന്നത് ചെറിയ കാര്യമല്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ കൈ ചൂണ്ടുന്നവര്‍ ലീഗില്‍ ഒന്നുമല്ലാതായി മാറുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്നതിന്റെ  വ്യക്തമായ സൂചന കൂടിയാണിത്. 

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍ക്കാരിനോട് കുഞ്ഞാലിക്കുട്ടിക്കുള്ളത് മൃദുസമീപമനമാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇന്നലെ ഉയര്‍ന്ന പ്രധാന ചോദ്യവും ഇതായിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബ് താങ്കള്‍ ഇടതുപക്ഷത്താണോ അതോ വലതുപക്ഷത്താണോ. 

സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, പികെ ബഷീര്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെഎം ഷാജി എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്.കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫിലാണോ അതോ യുഡിഎഫിലാണോ എന്ന് അണികള്‍ക്ക് സംശയമുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവിന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും കെ എസ് ഹംസ പറഞ്ഞു. ചന്ദ്രികയുടെ ഫണ്ടില്‍ സുതാര്യത ആവശ്യമാണെന്ന് പികെ ബഷീര്‍ ആവശ്യപ്പെട്ടു.

മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളെ പാര്‍ട്ടി പരിഗണിക്കുന്നില്ല. പെരുന്നാള്‍ അവധി തരാത്ത വിഷയം പാര്‍ട്ടി പരിഗണിച്ചില്ല. കെ റെയില്‍ പോലുള്ള വിഷയങ്ങളില്‍ വ്യക്തതയില്ലാതെയാണ് കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

സാദിഖലി തങ്ങള്‍ പറഞ്ഞതനുസരിച്ച് എല്ലാവരും കൈ കൊടുത്ത് പിരിഞ്ഞെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളു. എല്‍ഡിഎഫിനൊപ്പം നിന്നു കൂടെ എന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു. ലീഗില്‍ ഇനി ഒരു ഇടതു ചേരിയും വലതു ചേരിയും രൂപപ്പെടുമോ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടത് പക്ഷത്തെത്തുമോ ? എന്തായിരിക്കും സിപിഎമ്മിന്റെ അടുത്ത നീക്കം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക