Image

മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം: രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി

Published on 16 July, 2022
 മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം: രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി. താങ്കള്‍ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തില്‍ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമര്‍ശമാണ് തര്‍ക്കവിഷയമായത്. 

താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രിക ഫണ്ടില്‍ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുതെന്നും പി കെ ബഷീര്‍ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ത്തി.


വടകര എംഎല്‍എ കെ കെ രമക്കെതിരായ എം എം മണിയുടെ  പരാമര്‍ശം മ്ലേച്ചകരമാണെന്ന് മുസ്ലീം ലീഗ് വിലയിരുത്തി. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് അത്. പരാമര്‍ശം  പിന്‍വലിച്ചു മാപ്പ് പറയാന്‍ എം എം മണി തയ്യാറാകണമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു. 

എം എം മണിക്കെതിരെ നടത്തിയ അധിക്ഷേപത്തിന് പി.കെ.ബഷീര്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അത് പോലെയല്ല ഇത്. എം എം മണി പിന്തുടരുന്നത് മുഖ്യമന്ത്രിയുടെ പദാവലിയാണ്.

മുസ്ലീം ലീഗ് പ്രവര്‍ത്തക  സമിതിയില്‍ തങ്ങള്‍ക്കെതിരെയോ കുഞ്ഞാലിക്കുട്ടിക്ക് എതിരെയോ  വ്യക്തിപരമായി  വിമര്‍ശനം  ഉണ്ടായില്ല. ചന്ദ്രികയുടെ  ബാധ്യത  തീര്‍ക്കാന്‍ ഓണ്‍ലൈന്‍ ഫണ്ട്  ശേഖരണം  നടത്തിയതായും പി എം എ സലാം പറഞ്ഞു. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക