Image

ഖഷോഗിയുടെ മരണത്തിൽ പങ്കുണ്ടോയെന്നു സൗദി കിരീടാവകാശിയോട് ചോദിച്ചെന്നു ബൈഡൻ 

Published on 16 July, 2022
ഖഷോഗിയുടെ മരണത്തിൽ പങ്കുണ്ടോയെന്നു സൗദി കിരീടാവകാശിയോട് ചോദിച്ചെന്നു ബൈഡൻ 



യു എസ് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തെ കുറിച്ചുള്ള സംശയങ്ങൾ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സുൽത്താന്റെ (എം ബി എസ്) മുന്നിൽ ഉന്നയിച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. 'വാഷിംഗ്‌ടൺ പോസ്റ്റ്' ലേഖകനായിരുന്ന സൗദി സ്വദേശി ഖഷോഗിയെ ഇസ്താൻബുളിലെ സൗദി എംബസിയിൽ വച്ച് നിഷ്ടൂരമായി വധിച്ചത് കിരീടാവകാശിയാണെന്നു താൻ ഇപ്പോഴും കരുതുന്നുവെന്നും പറഞ്ഞതായി ബൈഡൻ റിയാദിൽ മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാൽ തനിക്കു പങ്കില്ലെന്ന് എം ബി എസ് വിശദീകരിച്ചു. കുറ്റവാളികൾക്കെതിരെ നടപടി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 

"ഞാൻ അക്കാര്യം കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. അന്ന് എനിക്ക് തോന്നിയതും ഇപ്പോഴും തോന്നുന്നതും അദ്ദേഹത്തിനു കൊലയിൽ പങ്കുണ്ടെന്നാണ്  എന്നു ഞാൻ പറഞ്ഞു.  

"അമേരിക്കൻ പ്രസിഡന്റ് ആയിരിക്കെ മനുഷ്യാവകാശ വിഷയങ്ങളിൽ മൗനം പാലിക്കുന്നത് ഞങ്ങളുടെ രാജ്യത്തിനും എനിക്കുമുള്ള വിശ്വാസങ്ങളോട് പൊരുത്തപ്പെടാത്ത കാര്യമാണെന്നു ഞാൻ തുറന്നു പറഞ്ഞു. ഞാൻ ഇപ്പോഴും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. 

"തനിക്കു കൊലയിൽ വ്യക്തിപരമായി പങ്കില്ലെന്നു സൗദി കിരീടാവകാശി വിശദീകരിച്ചു. അദ്ദേഹത്തിനു പങ്കുണ്ടെന്നാണ് ഞാൻ കരുതിയിരുന്നതെന്നു ഞാൻ സൂചിപ്പിച്ചു. 

"പങ്കില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം കുറ്റവാളികളെ ശിക്ഷിച്ചു എന്നും അറിയിച്ചു."


വരുന്ന ആഴ്ചകളിൽ സൗദി അറേബ്യ എണ്ണ ഉത്പാദനം കൂട്ടുമെന്നാണ് ശുഭപ്രതീക്ഷയെന്നു ബൈഡൻ പറഞ്ഞു. യു എസിൽ ഇന്ധന വില കുറയ്ക്കാൻ സഹായിക്കുന്ന ഈ നടപടിക്ക് സൗദി ഭരണകൂടത്തെ പ്രേരിപ്പിക്കുക എന്നതാണ് ഈ യാത്രയുടെ ഒരു പ്രധാന ലക്‌ഷ്യം. 

അൽ സലാം കൊട്ടാരത്തിൽ സൗദി രാജാവ് സൽമാനുമായും എം ബി എസുമായും നടന്ന കൂടിക്കാഴ്ചകൾ മിക്കവാറും രഹസ്യമായിരുന്നു. 

നേരത്തെ, കൊട്ടാരത്തിൽ എത്തിയപ്പോൾ ബൈഡൻ എം ബി എസുമായി മുഷ്ടി കൂട്ടിമുട്ടിച്ചതിന്റെ ചിത്രങ്ങൾ വിവാദമായി. ഖഷോഗി വധം അംഗകരിക്കുന്ന നടപടിയാണതെന്നു വിമർശകർ പറഞ്ഞു. തൊട്ടു കൂടാത്തവനെന്നു പ്രസിഡന്റ് സ്ഥാനാർത്ഥിയായിരിക്കെ എം ബി എസിനെ ബൈഡൻ വിശേഷിപ്പിച്ചിരുന്നു. 

പിന്നീട് സൽമാൻ രാജാവുമായി ബൈഡൻ ഹസ്തദാനം ചെയ്തു. 

ഇസ്രയേലും പലസ്തീനും സന്ദർശിച്ച ബൈഡന്റെ ഏറ്റവും ശ്രദ്ധേയമായ കൂടിക്കാഴ്ച എം ബി എസുമായുള്ളതായിരുന്നു. സൗദി ഭരണം കൈപ്പിടിയിൽ ഒതുക്കിയ രാജകുമാരൻ എന്നാണ് അദ്ദേഹത്തെ മാധ്യമങ്ങളും നയതന്ത്ര വൃത്തങ്ങളും വിശേഷിപ്പിക്കുന്നത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക