Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 16 July, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ. രമയ്‌ക്കെതിരെ മുന്‍ മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെ തന്നെ വിമര്‍ശിച്ച സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരയും അധിക്ഷേപ പരാമര്‍ശം നടത്തി എംഎം മണി. ആനി രാജ ഡല്‍ഹിയിലല്ലെ ഉണ്ടാക്കുന്നത് അവര്‍ക്കെ കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലെന്നായിരുന്നു എംഎം മണിയുടെ പ്രസ്താവന. 
********************************
തന്നെ വിമര്‍ശിച്ച എംഎം മണിക്ക് മറുപടിയില്ലെന്ന് ആനി രാജ. തന്റേത് സ്ത്രീ പക്ഷ രാഷ്ട്രീയമാണെന്നും വിദേശത്തായാലും ഡല്‍ഹിയിലായാലും അത് നിറവേറ്റുമെന്നും ബിജെപിയേയും ആര്‍എസ്എസിനേയും പോലും ഭയക്കാതെയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും കേരളം തന്റെ നാടാണെന്നും ആനിരാജ പറഞ്ഞു. 
*********************************
ആനി രാജയെ വിമര്‍ശിച്ച എംഎം മണിക്കെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും എഐവൈഎഫും രംഗത്ത് വന്നു. പ്രസ്താവന തിരുത്തണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടപ്പോള്‍ എംഎം മണിയുടേത് തെമ്മാടി നിഘണ്ടുവാണെന്നും ഇത് നാട്ടുഭാഷയല്ല പുലയാട്ട് ഭാഷയാണെന്നും അദ്ദേഹം പച്ച മനുഷ്യാനാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് പച്ച മനുഷ്യര്‍ക്ക് അപമാനമാണെന്നും കെകെ ശിവരാമന്‍ പറഞ്ഞു. 
*********************************
എംഎല്‍എ എം എം മണി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക് കുട പിടിക്കുന്ന നടപടിയാണ്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കെ.കെ. രമയെ യുഡിഎഫ് ചുറ്റും നിന്ന് സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു. 
*********************************
തന്റെ പരമാര്‍ശങ്ങളുടെ പുറത്തുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി എംഎം മണി രംഗത്ത് വന്നു. കെ.കെ. രമയെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. പാര്‍ട്ടി  നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു. 
*********************************
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ പി കുമാരന്. സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഗായകന്‍ പി ജയചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് കെ പി കുമാരനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ സി ഡാനിയേല്‍ അവാര്‍ഡ്.
************************************
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുപയോഗിച്ച്  ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണസംഘത്തോട് വാക്കാല്‍ പറഞ്ഞു. ഫൊറന്‍സിക് റിപ്പോര്‍ട് ഇന്ന് വിചാരണക്കോടതില്‍ സമര്‍പ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ പരാമര്‍ശങ്ങള്‍.
*********************************
എസ്ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ദില്ലിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
*****************************
കോഴിക്കോട് ജില്ലയില്‍ മാവൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. പഞ്ചായത്തിലെ ഏക ആര്‍ എം പി അംഗമായ ടി രഞ്ജിത്താണ് പുതിയ അധ്യക്ഷന്‍. മുസ്ലിം ലീഗിനായിരുന്നു പഞ്ചായത്തിന്റെ ഇതുവരെയുള്ള ഭരണം. ലീഗ് അംഗം പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ ജൂണ്‍ 30 ന് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ ആര്‍എംപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി. മൂന്നും കോഴിക്കോട് ജില്ലയിലാണ്.
***************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക