Image

ലഖ്‌നൗ ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ചു; മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 15 July, 2022
 ലഖ്‌നൗ ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ചു; മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ലഖ്‌നൗ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ലഖ്‌നൗ ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ച മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണ് പിടിയിലായത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നിലവില്‍ സാഹചര്യം സമാധാനപരമാണെന്ന് ലഖ്‌നൗ എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം, ലുലു മാളില്‍ നമസ്‌കരിച്ച അജ്ഞാത സംഘത്തിനെതിരെ യുപി പൊലീസ് കേസെടുത്തു.  മാളിന്റെ പബ്ലിക് റിലേഷന്‍ മാനേജര്‍ സിബ്തൈന്‍ ഹുസൈന്‍ നല്‍കിയ പരാതിയില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുമതിയില്ലാതെ മാളില്‍ നമസ്‌കരിച്ചു എന്നാണ് പരാതി. നേരത്തെ അജ്ഞാതരായ ഒരു കൂട്ടം ആളുകള്‍ മാളില്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

ഇതിന് പിന്നാലെ എതിര്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു.  ജൂലായ് 12നാണ് വീഡിയോ എടുത്തതെന്നാണ് സൂചന. മാളിനുള്ളില്‍ നമസ്‌കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിര്‍പ്പുമായി രംഗത്തെത്തി. ഹൈന്ദവര്‍ക്കും മാളിനുള്ളില്‍ പ്രാര്‍ത്ഥന നടത്തണമെന്നും അതിന് അവസരമൊരുക്കണമെന്നുമുള്ള ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ  ഹിന്ദുക്കള്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തിരുന്നു.

ഐപിസി  153 എ (1) (സമുദായിക സ്പര്‍ദ്ധ വളര്‍ത്തല്‍), 295എ (മതവികാരം വ്രണപ്പെടുത്തല്‍), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന) 341 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അജ്ഞാതര്‍ നമസ്‌കരിച്ചതാണെന്നും മാള്‍ ജീവനക്കാരോ മാനേജ്മെന്റോ ഇതില്‍ ഉള്‍പ്പെട്ടതായി അറിവില്ല എന്നും പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക