Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 15 July, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

വടകര എംഎല്‍എയും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയ്ക്ക് എതിരെ നിയമസഭയില്‍ അധിക്ഷേപ പ്രസംഗം നടത്തിയതിന് എംഎം മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
****************************************
എംഎല്‍എ കെ കെ രമയ്ക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി എംഎം മണി എംഎല്‍എ. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശമല്ല നടത്തിയത്. വായില്‍ വന്ന പരാമര്‍ശം അപ്പോള്‍ പറഞ്ഞു. പറഞ്ഞതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. രമയോട് പ്രത്യേക വിദ്വേഷമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ കെ രമ ഒരു വര്‍ഷത്തിലധികമായി മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം തേജോവധം ചെയ്യുകയാണ്
തന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ എന്ത് വേണമെന്നും ചോദിച്ചു.
*************************************
സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പ്രസംഗത്തിന് മറുപടിയുമായി എംഎല്‍എ കെ കെ രമ. ടി.പിയെ വധിച്ചത് സിപിഎമ്മാണെന്നതിന്റെ ഏറ്റുപറച്ചിലാണ് നിയമസഭയിലുണ്ടായത്. അതുകൊണ്ടാണ് എം. എം മണിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. സിപിഎമ്മിന്റെ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ അസഹിഷ്ണുതയാണ്. ഇത് ഒറ്റപ്പെട്ട അധിക്ഷേപമല്ല. സിപിഎം ആലോചിച്ച് ഉറപ്പിച്ചാണ് ആക്ഷേപിക്കുന്നതെന്നും കെ കെ രമ ആരോപിച്ചു.
**************************************
ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ചത് പിണറായിയുടെ പാര്‍ട്ടിക്കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടി പി ചന്ദ്രശേഖരന്റെ രക്തക്കറ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലുണ്ട്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മണിയെ ന്യായീകരിച്ച നിലപാട് ക്രൂരവും നിന്ദ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. 
*********************************
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
*************************************
പാര്‍ലമെന്റില്‍ 'അഴിമതി ' ഉള്‍പ്പെടെയുള്ള നിരവധി വാക്കുകള്‍ ഉച്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പാര്‍ലമെന്റ് പരിസരത്തെ സമരപരിപാടികള്‍ക്കും വിലക്ക്. വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. സെക്രട്ടറി ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടിയും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല.
****************************
യുവാക്കളെ സിറിയയിലേക്ക് കടത്തിയ വളപട്ടണം ഐഎസ് കേസില്‍ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴുവര്‍ഷം തടവ്. ഒന്നാംപ്രതി മിഥിലജിനും അഞ്ചാംപ്രതി ഹംസയ്ക്കുമാണ് 7 വര്‍ഷം തടവും 50,000 രൂപ പിഴയും കൊച്ചി എന്‍ഐഎ കോടതി വിധിച്ചത്. മൂന്നാം പ്രതി അബ്ദുള്‍ റസാഖിന് ആറു വര്‍ഷം തടവും 30000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.
****************************
കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. പോക്സോ കേസില്‍ ഹൈക്കോടതിയ്ക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും ശ്രീജിത്ത് രവി കോടതിയെ അറിയിച്ചിരുന്നു.
*****************************
സംസ്ഥാനത്ത് ഒരാളില്‍ വാനരവസൂരി  സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് ആരോപണം. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലാണ് വീഴ്ച പറ്റിയത്. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോയത് സ്വയം ടാക്‌സി വിളിച്ചാണെന്നുള്ള വിവരവും പുറത്തുവന്നു. സംഭവം ഡിഎംഒ അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറയുമ്പോഴും  
*********************************
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയ്ക്കുള്ളില്‍ നടന്ന സംഭവമായത് കൊണ്ട് സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക