Image

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഉടമയെ കബളിപ്പിച്ച് വനിതാ ജീവനക്കാര്‍ 45 ലക്ഷം തട്ടി 

ജോബിന്‍സ് Published on 15 July, 2022
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഉടമയെ കബളിപ്പിച്ച് വനിതാ ജീവനക്കാര്‍ 45 ലക്ഷം തട്ടി 

പത്തനംതിട്ടയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ തട്ടിപ്പ്. സീതത്തോട്ടിലാണ് സംഭവം. മാനേജരും ക്ലറിക്കല്‍ സ്റ്റാഫുമായ വനിതാ ജീവനക്കാരാണ് ഉടമയെ കബളിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയത്. മാറംപുടത്തില്‍ ഫൈനാന്‍സിയേഴ്‌സ് ഉടമ റോയ് മാത്യുവിനെയാണ് വ്യാജ സ്വര്‍ണ പണയ രേഖകളുണ്ടാക്കി രണ്ട് വനിത ജീവനക്കാര്‍ കബളിപ്പിച്ചത്.

ഇല്ലാത്ത സ്വര്‍ണം പണയത്തിലെടുത്തെന്ന് രേഖയുണ്ടാക്കി ജീവനക്കാരായിരുന്നവര്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത് 45,42,386 രൂപയാണ്. കഴിഞ്ഞ ആറുവര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രമ്യ രാജനും ക്ലര്‍ക്കായ ടി.ബി. ഭുവനമോളുമാണ് തട്ടിപ്പ് നടത്തിയത്. 

വിദേശത്ത് ജോലി ചെയ്തിരുന്ന റോയ് മാത്യു പ്രതികളായ ജീവനക്കാരെയാണ് പണമിടപാട് സ്ഥാപനത്തിന്റ പൂര്‍ണ ചുമതല ഏല്‍പ്പിച്ചിരുന്നത്. കൊവിഡ് കാലത്ത് റോയ് മാത്യുവിന് നാട്ടിലേക്ക് വരാന്‍ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. സ്ഥാപനത്തില്‍ സ്ഥിരമായി സ്വര്‍ണം പണയം വെയ്ക്കാന്‍ വന്നിരുന്നവരുടെ പേരിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

രമ്യ രാജന്റെ നാല് ബന്ധുക്കളേയും പ്രതി ചേര്‍ത്തിട്ടുണ്ട്. ചിറ്റാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് റോയി മാത്യു റാന്നി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക