Image

ടോറി വോട്ടെടുപ്പിൽ രണ്ടാം വട്ടവും വിജയം സുനാക്കിന് 

Published on 15 July, 2022
ടോറി വോട്ടെടുപ്പിൽ രണ്ടാം വട്ടവും വിജയം സുനാക്കിന് 



ബ്രിട്ടീഷ് ഭരണ യാഥാസ്ഥിതിക കക്ഷിയുടെ (ടോറി) നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടാം  റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനാക്ക് ജയിച്ചു. സുനാക്ക് 101 എം പിമാരുടെ വോട്ട് നേടിയപ്പോൾ മുൻ രാജ്യരക്ഷാ മന്ത്രി പെനി മോർഡോണ്ടിനു 83 ലഭിച്ചു. ആദ്യ റൗണ്ടിൽ സുനാക്ക് 88 വോട്ടും മോർഡോണ്ട് 67 മാണ് നേടിയിരുന്നത്. ആദ്യ റൗണ്ടിൽ 30 വോട്ട് കിട്ടാതെ പുറത്തായവരിൽ 13 പേരുടെ വോട്ട് ഇക്കുറി സുനാക്കിനു ലഭിച്ചപ്പോൾ 16 വോട്ട് അധികമായി  മോർഡോണ്ട്  നേടി. 

ആദ്യവട്ടം 50 വോട്ടിൽ ഒതുങ്ങിയ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് ഇക്കുറി 64 ൽ എത്തി. ഇന്ത്യൻ വംശജയായ അറ്റോണി ജനറൽ സുവെല്ല ബ്രവർമാൻ രണ്ടാം റൗണ്ടിൽ 27 വോട്ടോടെ പുറത്തായി. അവരുടെ കൂടെ നിന്ന കുറേപ്പേരുടെ വോട്ടുകളാണ് ട്രൂസിന്റെ അടുത്ത ലക്‌ഷ്യം. 

രണ്ടു സ്ഥാനാർഥികളിൽ എത്തുന്നതു വരെ ടോറി എം പിമാർ വോട്ട് ചെയ്തു കൊണ്ടിരിക്കും. രണ്ടു പേരിലേക്ക് ഒതുങ്ങിയാൽ പിന്നെ പാർട്ടിയുടെ 160,000 അംഗങ്ങളാണ് അന്തിമ വിധിയെഴുതുക. 

പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അനുയായികൾ സുനാക്കിനെതിരെ സംഘടിച്ചിട്ടുണ്ട്. ലിസ് ട്രൂസിനു പിന്തുണ നൽകിയ സാംസ്‌കാരിക മന്ത്രി നാദിൻ ഡോറിസ് ജോൺസണെ 'അട്ടിമറിച്ചവർക്കെതിരെ' ആഞ്ഞടിച്ചു. സുനാക്കിന്റെ കൂടിയുള്ളവർ കുതന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്ന് അവർ ആരോപിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക