Image

I2യു2 സഖ്യത്തിന്റെ ആദ്യ നിക്ഷേപം ഇന്ത്യയിൽ ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ

Published on 15 July, 2022
I2യു2 സഖ്യത്തിന്റെ ആദ്യ നിക്ഷേപം ഇന്ത്യയിൽ ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ



ഇന്ത്യയിൽ ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ യു എ ഇ രണ്ടു ബില്യൺ ഡോളർ നിക്ഷേപിക്കും. യു എസ്, ഇസ്രയേലി സാങ്കേതിക വിദ്യ അതിനു പിന്തുണയാവും. ഇന്ത്യ ഫുഡ് പാർക്കുകൾ സംഘടിപ്പിച്ചു അവയിൽ കൃഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കും. ഉത്പാദനം അഞ്ചു വർഷം കൊണ്ടു മൂന്നിരട്ടിയാവും എന്നാണ് പ്രതീക്ഷ. 

യു എസ്, ഇന്ത്യ, യു എ ഇ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട  I2യു2  മധ്യപൂർവ ദേശ ചതുർരാഷ്ട സഖ്യത്തിനു (ക്വാദ്) തുടക്കം കുറിച്ചു ജറുസലേമിൽ വ്യാഴാഴ്ച നടന്ന ഉച്ചകോടിയിലാണ് പ്രഖ്യാപനം ഉണ്ടായത്. 

I2യു2 വിന്റെ ആദ്യത്തെ പദ്ധതികൾ ഇന്ത്യയിലായിരിക്കുമെന്നു യു എസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേലി പ്രധാനമന്ത്രി യാർ ലപിഡ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മോദിയും ഷെയ്ഖ് മുഹമ്മദും ജറുസലേമിൽ എത്തിയില്ലങ്കിലും വിഡിയോലിങ്കിൽ പങ്കെടുത്തു.

കൃഷി, ഭക്ഷ്യ സുരക്ഷ, ഹരിത ഊർജം എന്നിവയാണ് സഖ്യത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുക. 

നാലു രാജ്യങ്ങളുടെയും പേരിന്റെ ആദ്യാക്ഷരം ചേർത്തുണ്ടാക്കിയ I2യു2 (ഇന്ത്യ, ഇസ്രയേൽ - ആദ്യത്തെ രണ്ടു ഐ, യു എസ്, യു എ ഇ - രണ്ടു യു) 
പ്രാഥമിക പരിഗണന നൽകുന്നത്  ഇന്ത്യയിലെ പദ്ധതികൾക്കാണ്. യുഎസ്‌, ഇസ്രയേലി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താമെന്നു അറിയിച്ച ബൈഡൻ, അഞ്ചു വർഷം കൊണ്ട് ഇന്ത്യയുടെ ഭക്ഷ്യോത്പാദനം മൂന്നിരട്ടിയാവുമെന്നു പറഞ്ഞു. 

യു എ ഇ നിക്ഷേപം ദക്ഷിണേഷ്യയിലും മധ്യപൂർവ ദേശത്തും വിളകൾ പരമാവധി വർധിപ്പിച്ചു ഭക്ഷ്യ സുരക്ഷ വർധിപ്പിക്കാൻ ഉപകരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഊർജം, ജലം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷണം എന്നീ ആറു മേഖലകളിലാണ് സഖ്യം പ്രവർത്തിക്കുക. നാലു രാജ്യങ്ങൾക്കിടയിൽ രാഷ്ട്രീയമായും തന്ത്രപരമായും വൈവിധ്യങ്ങൾ ഉള്ളതു കൊണ്ട് സഹകരണം പ്രധാനമായും സാമ്പത്തിക-സാങ്കേതിക മേഖലകളിൽ ആയിരിക്കും. 

സഖ്യം ആദ്യ ഉച്ചകോടിയിൽ തന്നെ സുപ്രധാനമായ അജണ്ട സ്ഥാപിച്ചുവെന്നു വിഡിയോലിങ്കിൽ സംസാരിച്ച മോദി ചൂണ്ടിക്കാട്ടി. "പല മേഖലകളിലും സംയുക്ത പദ്ധതികൾ നമ്മൾ തിരിച്ചറിഞ്ഞു. അവ മുൻപോട്ടു കൊണ്ടു പോകാനുള്ള മാർഗവും തയാറാക്കി." 

ഗുജറാത്തിൽ കാറ്റും സൗരോർജവും ഉപയോഗിച്ച് 300 മെഗാവാട്ട് ഉൽപാദിപ്പിക്കുന്ന പദ്ധതി അക്കൂട്ടത്തിലുണ്ട്. "അത്തരം പദ്ധതികൾ ബദൽ ഊർജസ്രോതസുകൾക്കു ആഗോള ഗൃഹമാകാൻ ഇന്ത്യയെ സജ്ജമാക്കും."

ഭാവിയിൽ ഗവേഷണത്തിനും വികസനത്തിനും ആരോഗ്യ രക്ഷയ്ക്കും ബഹിരാകാശ ശാസ്ത്രത്തിനും മുൻഗണന നൽകണമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വാക്‌സിനുകളാണ് ആദ്യ പദ്ധതികളിൽ ഒന്ന്. 

ആദ്യ പദ്ധതികൾ ഭക്ഷണ ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ ബൈഡൻ, ലോകത്തിന്റെ ഏറ്റവും അടിയന്തരമായ ആവശ്യം അതാണെന്ന് ഊന്നിപ്പറഞ്ഞു. "നമ്മുടെ രാജ്യങ്ങളിൽ ലോകത്തു തന്നെ ഏറ്റവും പുതിയ ആശയങ്ങളും സാങ്കേതിക മികവും ഉള്ള നിരവധി ആളുകളുണ്ട്."

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക