Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 14 July, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

അട്ടപ്പാടി ശിശുമരണം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അട്ടപ്പാടിയില്‍ നടന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി പരാജയമാണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വെറുതെ വിമര്‍ശനങ്ങളുന്നയിക്കാതെ അട്ടപ്പാടിയില്‍ പോയി കാര്യങ്ങള്‍ പഠിച്ചിട്ടുവരാനായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. 
*********************************
ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്‌തെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു .കേന്ദ്രവും നടപടികള്‍ സ്വീകരിക്കും എന്നറിയിച്ചിട്ടുണ്ട്.  ഞായറാഴ്ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദില്ലിയില്‍ എത്തി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
********************************
എന്‍ഐഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. പത്രം വായിക്കുന്നവര്‍ പോലും എന്‍ഐഎയ്ക്ക് പ്രശനക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ്  ചോദിച്ചു. ജാര്‍ഖണ്ഡിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. കേസില്‍ സഞ്ജയ് ജെയിന്‍ എന്നയാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്‍ഐഎ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.
********************************
കെഎസ്ഇബി ചെയര്‍മാനെ മാറ്റി . ഡോ.ബി.അശോകിനെയാണ് മാറ്റിയത്. അശോകിന് പകരം മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റം വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാന്‍ ഇരിക്കെയാണ് അശോകിന് മാറ്റുന്നത്.
*****************************
അഴിമതിയെന്ന വാക്ക് വിലക്കി പാര്‍ലമെന്റ്. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും.  ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍.
************************
നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന് എതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍ എം ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്തരി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു നോട്ടീസ്.
*****************************
ഏറെ വിവാദമായ കര്‍ണ്ണാടകയിലെ ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്നിലുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുപ്രീംകോടതിയില്‍. ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയില്‍ എത്തിയത്.
**************************************
സര്‍ക്കാരിനെതിരായ ഗൂഢാലോചന കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതെന്ന് ഷാജ് കിരണ്‍ പറഞ്ഞു . ഷാജിന്റെ രഹസ്യമൊഴി കോടതി കേട്ടു. രണ്ട് മണിക്കൂറിലധികം ഇത് നീണ്ടുനില്‍ക്കുകയും ചെയ്തു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്. സ്വപ്ന നല്‍കിയ തെളിവുകള്‍ കെട്ടിച്ചമച്ച ഒന്ന് മാത്രമാണെന്നും തന്റെ പക്കല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും അത് ഉടന്‍ തന്നെ പുറത്തുവിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.
***************************
കെപിസിസി പുനസംഘടനയ്ക്കെതിരെ മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ രംഗത്ത്. സ്ഥാനമാനങ്ങള്‍ വീതംവെച്ച് പാര്‍ട്ടിയെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തു നിന്നുമുണ്ടാകുന്നുവെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക