Image

മാലിയിൽ പ്രതിഷേധം ഉയർന്നതോടെ ഗോട്ടബായ രജപക്‌സെ സിംഗപ്പൂരിലേക്കു പറന്നു 

Published on 14 July, 2022
മാലിയിൽ പ്രതിഷേധം ഉയർന്നതോടെ ഗോട്ടബായ രജപക്‌സെ സിംഗപ്പൂരിലേക്കു പറന്നു 



ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി നീട്ടിക്കൊണ്ടു പോകുന്ന ഗോട്ടബായ രജപക്‌സെ വ്യാഴാഴ്ച്ച സൗദിയ വിമാനം പിടിച്ചു സിംഗപ്പൂരിലേക്കു പറന്നു. അവിടന്നു റിയാദിലേക്കു തുടർ യാത്രയുണ്ടാവും എന്നാണ് റിപ്പോർട്ട്. സൗദി അറേബ്യ അദ്ദേഹത്തിന് അഭയം നൽകിയോ എന്ന് ഉറപ്പില്ല.

രാജി വയ്ക്കാൻ മടിച്ചു നിന്നതു പ്രസിഡന്റ് എന്ന പദവി നഷ്ടമായാൽ അറസ്റ്റ് ഉണ്ടാവാം എന്ന് ഭയന്നാണ്. എന്നാൽ രാജി വയ്ക്കാത്തതു കൊണ്ട് പുതിയ പ്രസിഡന്റിനെ നിയമിക്കാൻ കഴിയാത്ത ഭരണഘടനാ പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഗോട്ടബായ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും വ്യക്തമല്ല. രാജിക്കത്തു വരുമെന്ന് സ്പീക്കർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും പറഞ്ഞ സമയമൊക്കെ കഴിഞ്ഞു പോയി.

രാജി വയ്ക്കാതിരുന്നാൽ പ്രോസിക്യൂഷനിൽ നിന്ന് രക്ഷ നേടാം എന്നതാണ് ആശയം. സഹോദരന്മാരായ മഹീന്ദയും ബാസിലും കൊളംബോയിൽ തന്നെയുണ്ട്. അവർക്കെതിരായ കേസുകൾ നാളെ കേൾക്കും. അത് കഴിയും വരെ നാട് വിടില്ലെന്നു കോടതിയിൽ എഴുതി കൊടുത്തിട്ടുണ്ട്. 

ആക്റ്റിംഗ് പ്രസിഡന്റായി ചുമതലയേറ്റ റനിൽ വിക്രമസിംഗെ ഗോട്ടബായയെ രക്ഷിക്കാൻ ശ്രമിക്കുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്. സൈന്യത്തെ ഉപയോഗിച്ചു പ്രകടനങ്ങൾ അടിച്ചമർത്താനുള്ള നീക്കം ആ സംശയത്തിനു ബലം കൂട്ടുന്നു. അതു കൊണ്ട് പാർലമെന്റിലെ പ്രധാനകക്ഷികൾ ഒത്തു ചേർന്ന് വിക്രമസിംഗെയ്ക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ തീരുമാനിച്ചു. 

ഒരാൾ മരിച്ചു 

വ്യാഴാഴ്ച്ച പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കൊളംബോയിൽ 26 വയസുള്ള പ്രകടനക്കാരൻ ശ്വാസം മുട്ടി മരിച്ചു. 84 പ്രകടനക്കാർക്കു പരുക്കേറ്റിട്ടുണ്ട്. 

സംഘർഷം ഉയർന്ന കൊളംബോയിൽ വ്യാഴാഴ്ച്ച ഉച്ച മുതൽ വെള്ളിയാഴ്ച പുലർച്ചെ 5 മണി വരെ നിശാനിയമം ഏർപ്പെടുത്തി. 

അതിനിടെ സർക്കാർ കെട്ടിടങ്ങൾ പിടിച്ചെടുത്ത ജനങ്ങൾ അവ ഒഴിഞ്ഞു കൊടുക്കാൻ തീരുമാനിച്ചു. പ്രസിഡന്റിന്റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ വസതി ഇവയൊക്കെ പ്രകടനക്കാർ കൈയ്യടക്കിയിരുന്നു. 

സൈനികർക്കു നേരെ ബട്ടാരമുള്ളയിൽ ഉണ്ടായ ആക്രമണത്തിൽ രണ്ടു സൈനികർക്കു പരുക്കേറ്റുവെന്ന് കരസേനാ വക്താവ് ബ്രിഗേഡിയർ നിലന്ത പ്രേമരത്ന പറഞ്ഞു. പ്രാകൃതമായ ആക്രമണം ആയിരുന്നുവെന്നു അദ്ദേഹം അറിയിച്ചു. ഇരുമ്പുവടി കൊണ്ട് അടിച്ചു. ഇരുവരും ബോധരഹിതരായി. 

മാലിദ്വീപിൽ ഒട്ടേറെ ശ്രീലങ്കൻ പൗരന്മാർ ജോലി ചെയ്യുന്നത് കൊണ്ട് അവിടെയും ഗോട്ടബായക്കെതിരെ  പ്രതിഷേധ പ്രകടനങ്ങളുണ്ടായി. "കള്ളനെ നാട് കടത്തുക" എന്നൊക്കെ അവർ മുദ്രാവാക്യം വിളിച്ചു. അതിനെ തുടർന്നാണ്  സിംഗപ്പൂ ർ യാത്രയ്ക്കു പരിപാടിയിട്ടത്. വ്യാഴാഴ്ച്ച രാത്രി സിംഗപ്പൂരിൽ എത്തും. 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക