Image

ടോറി ആദ്യ വട്ടം വോട്ടെടുപ്പിൽ ഋഷി സുനാക്ക് ജയിച്ചു 

Published on 14 July, 2022
ടോറി ആദ്യ വട്ടം വോട്ടെടുപ്പിൽ ഋഷി സുനാക്ക് ജയിച്ചു 



ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ വംശജനായ ഋഷി സുനാക്കിനു വ്യക്തമായ വിജയം. ഭരണ കണ്സർവേറ്റീവ് പാർട്ടി (ടോറി) നേതൃത്വത്തിലേക്കുള്ള ആദ്യ വട്ട വോട്ടെടുപ്പിൽ സുനാക്ക് 88 എം പിമാരുടെ വോട്ട് നേടിയപ്പോൾ മുൻ പ്രതിരോധ മന്ത്രി പെനി മോർഡോണ്ടിനു 67 ലഭിച്ചു. മൂന്നാം സ്ഥാനത്തു എത്തിയത് വിദേശകാര്യ മന്ത്രി ലിസ് ട്രൂസ് ആണ് -- 50. ഇന്ത്യൻ വംശജ തന്നെയായ (ഗോവ) അറ്റോണി ജനറൽ സുവെല്ല ഫെർണാണ്ടസ് ബ്രാവർമാൻ 32 നേടി. 

മൊത്തം 358 ടോറി എം പിമാർ പങ്കെടുത്ത വോട്ടിംഗിൽ 30 നേടാൻ കഴിയാത്ത ധനമന്ത്രി നദീം സവാഹി, ആരോഗ്യ മന്ത്രി ജെറെമി ഹണ്ട് എന്നിവർ മത്സരത്തിൽ നിന്നു പുറത്തായി. ഹണ്ട് ഉടൻ തന്നെ സുനാക്കിനു പിന്തുണ പ്രഖാപിച്ചു. സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ മികച്ച കഴിവ് സുനാക്കിനുണ്ടെന്നു അദ്ദേഹം പറഞ്ഞു. 

രണ്ടാം വട്ട വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്. അടുത്ത ആഴ്ച അവസാനത്തോടെ രംഗത്തു രണ്ടു പേർ മാത്രമേ ഉണ്ടാവൂ. അതിനു ശേഷം ടോറി പാർട്ടിയിലെ 160,000ത്തിലേറെ അംഗങ്ങൾ വോട്ട് ചെയ്യും. സെപ്റ്റംബർ 5 നാണു ഫലപ്രഖ്യാപനം. 

യു കെയിലെ 'ദ ടൈംസ്' പത്രത്തിനു വേണ്ടി യുവ്‌ഗോവ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ മുന്നിട്ടു നിൽക്കുന്നത് പെനി മോർഡോണ്ട് ആണ്. ലിസ് ട്രൂസ് രണ്ടാം സ്ഥാനത്തു വരുമെന്നും മോർഡോണ്ട് 55-37 ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അവർ പറയുന്നു. സുനാക്കാണ് എതിരാളിയെങ്കിൽ മോർഡോണ്ട് 67-28 ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും. 

ജോൺസന്റെ നീക്കം 

ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദം രാജി വയ്ക്കാൻ നിർബന്ധിതമായതു സുനാക്കിന്റെ രാജി മൂലമാണ് എന്നതിനാൽ ജോൺസന്റെ അനുയായികൾ അദ്ദേഹത്തെ എതിർക്കുന്നു. അവരുടെ പിന്തുണ മോർഡോണ്ടിനാണ്. വംശീയ വിഷയങ്ങളും ഈ തിരഞ്ഞെടുപ്പിൽ പ്രസക്തമാവും എന്നാണ് കരുതപ്പെടുന്നത്. 

ജോൺസൺ അതിനിടെ അസാധാരണമായ ഒരു നീക്കം നടത്തി. തിങ്കളാഴ്ച്ച പാർലമെന്റിൽ അദ്ദേഹം ഒരു വിശ്വാസ പ്രമേയം അവതരിപ്പിക്കും. അതിൽ തോറ്റാൽ ഇടക്കാല തിരഞ്ഞെടുപ്പാണ് പിന്നെ വഴി. ജയിച്ചാൽ കഴിഞ്ഞ ആഴ്ച അദ്ദേഹം രാജി വച്ചതിനു പ്രസക്തി ഇല്ലാതാവുകയും ചെയ്യും. 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക