ഗുരുവായൂര്‍:ദേവസ്വം ആനക്കോട്ടയില്‍ പാപ്പാന്റെ പീഡനമേറ്റ് അവശനിലയില്‍ കഴിഞ്ഞ കൊമ്പന് അര്ജുന് ചരിഞ്ഞു. മാസങ്ങളായി മരണത്തോട് മല്ലടിച്ചുകഴിഞ്ഞിരുന്ന ഈ കുട്ടികൊമ്പന് ആനപ്രേമികളെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് പീഡനമില്ലാത്ത ലോകത്തേക്ക് മടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം. പുലര്‍ച്ചെ മുതല്‍ മരണത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. പ്രത്യേക ശബ്ദത്തില്‍ ശ്വാസം വലിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ആന മണിക്കൂറോളം അനക്കമില്ലാതെ കിടന്നു. വെള്ളവും ഗ്ലൂക്കോസും കയറാത്ത അവസ്ഥയിലായിരുന്നു ശരീരം.
രാത്രി മുഴുവന്‍ ആനയ്ക്ക് കൂട്ടിനിരുന്ന മറ്റൊരാനയുടെ പാപ്പാനായ സുരേഷാണ് അന്ത്യസമയത്ത് ശുശ്രൂഷകള്‍ നടത്തിയത്. അര്‍ജുന്റെ പാപ്പാന് രാധാകൃഷ്ണന് രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആസ്പത്രിയിലായിരുന്നു.
മൂന്നുമാസം മുമ്പ് മദപ്പാടിലായിരുന്നപ്പോള് ക്രൂരമായ മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വലതു മുന്‍കാലിന് മുറിവേറ്റ ഭാഗത്തുണ്ടായ പഴുപ്പാണ് ഗുരുതരമായത്. ദേഹം മുഴുവന്‍ നീര് ബാധിച്ച് നില്ക്കാന്പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കാലിന് ശസ്ത്രക്രിയയും വിദഗ്ധചികിത്സയും നടത്തിയിരുന്നു.
കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആന കുഴഞ്ഞുവീണു. ക്രെയിന്‍ കൊണ്ടുവന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മണിക്കൂറുകളുടെ ശ്രമഫലമായി ആനയെ എഴുന്നേല്‍പ്പിച്ചിരുത്താന്‍ മാത്രമാണ് കഴിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഗുരുവായൂര്‍ ദേവസ്വംവനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ആനയുടെ ജഡം സംസ്കരിക്കാനായി വാളയാറിലേക്ക് കൊണ്ടുപോയി.
ഗുരുവായൂര്‍ ആനക്കോട്ടയിലെ മികച്ച ആനകളില്‍ ഒന്നായിരുന്നു 28കാരനായ അര്ജുന്. ക്ഷേത്രത്തില്‍ ഒട്ടനവധി എഴുന്നള്ളിപ്പുകള്‍ക്ക് ഭഗവാന്റെ തിടമ്പേറ്റാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. എഴുന്നള്ളിപ്പ് ആചാരങ്ങളെല്ലാം നന്നായി വശമുള്ള ഗജവീരനായിരുന്നു അര്‍ജുനെന്ന് ആനപ്രേമികള്‍ പറയാറുണ്ട്. 97 സപ്തംബര്‍ 15ന് പ്രമുഖ വ്യാപാരി ഗോപു നന്തിലത്താണ് അര്‍ജുനെ നടയിരുത്തിയത്.
അര്‍ജുനിന്റെ അന്ത്യത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 63 ആയി.