Image

ദേവസഹായംപിള്ള വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

Published on 20 July, 2012
ദേവസഹായംപിള്ള വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
തിരുവനന്തപുരം: ദൈവദാസന്‍ ദേവസഹായം പിള്ള വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും ധീരതയോടെ സുവിശേഷപ്രചരണം നടത്തുകയും ചെയ്തതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ദേവസഹായംപിള്ളയെ വാഴ്ത്തപ്പെട്ടവന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അംഗീകാരം നല്‍കി. നാമകരണ നടപടികള്‍ക്കുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമറ്റോയ്ക്കാണ് മാര്‍പാപ്പ അനുമതി നല്‍കിയത്.

ഡിസംബര്‍ രണ്ടിന് നാഗര്‍കോവില്‍ കാര്‍മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ദേവസഹായംപിള്ളയെ വാഴ്ത്തപ്പെട്ടവന്‍ എന്ന പദവിയിലേക്കുയര്‍ത്തുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രഖ്യാപനം വിളംബരം ചെയ്യും. തത്സമയം വത്തിക്കാനിലും ഇതുസംബന്ധിച്ച പ്രഖ്യാപനം നടക്കും. വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ അള്‍ത്താര വണക്കത്തിനു ദേവസഹായംപിള്ള അര്‍ഹനാകും. 

തമിഴ്‌നാട്ടിലെ നട്ടാലത്ത് 1712 ഏപ്രില്‍ 23നു ജനിച്ച നീലകണ്ഠപിള്ളയുടെ ജ്ഞാനസ്‌നാന പേരാണ് ദേവസഹായം. പ്രസിദ്ധമായ കുളച്ചല്‍ യുദ്ധത്തിനുശേഷം ഡച്ച് പടത്തലവന്‍ ബനഡിക്ട് ഡിലനോയ് തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണചുമതല ഏറ്റെടുത്തപ്പോള്‍ നീലകണ്ഠപിള്ളയെ സഹായിയായി നിയോഗിച്ചു. കൊട്ടാരത്തിലെ മുഖ്യ കാര്യദര്‍ശിയായിരുന്നു അദ്ദേഹം. ക്രിസ്തുമത വിശ്വാസിയായ ഡിലനോയിയുടെ നിരന്തരമായ വേദോപദേശത്തെ തുടര്‍ന്ന് 1745 മെയ് 17ന് ഫാ. ജെ പി പട്ടാരി, നീലകണ്ഠപിള്ളയ്ക്കു ജ്ഞാനസ്‌നാനം നല്‍കി. 

ക്രിസ്തുദര്‍ശനങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ദേവസഹായം സ്വസമുദായത്തിലെയും ഇതര മതങ്ങളിലെയും ജനങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു. കൊട്ടാരം സൈന്യാധിപന്റേയും മറ്റും പരാതിയെ തുടര്‍ന്ന് 1749 ഫെബ്രുവരി 23ന് ദേവസഹായംപിള്ളയെ തടവിലാക്കി. ക്രിസ്തുവിനുവേണ്ടി സ്വജീവന്‍ ത്യജിക്കേണ്ടി വന്നാലും ക്രിസ്തുമതമോ ക്രിസ്തുവിശ്വാസമോ ഒരിക്കലും ത്യജിക്കില്ലെന്ന് ദേവസഹായം ദൃഢനിശ്ചയം ചെയ്തതോടെ കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയിലെ കാറ്റാടിമല യില്‍ 1752 ജനുവരി 14ന് ദേവസഹായംപിള്ള വെടിയേറ്റു മരിച്ചുവെന്നാണ് ചരിത്രം. 

കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രലിലാണ് ഭൗതിക ശരീരം സംസ്‌കരിച്ചത്.

ദേവസഹായംപിള്ള വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
ദേവസഹായംപിള്ള വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
ദേവസഹായംപിള്ള വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക