Image

തടവിലാക്കപ്പെട്ട ചൈനീസ് ബിഷപ്പിന്‍റെ ബ്ലോഗ് പുനരാരംഭിച്ചു

Published on 20 July, 2012
തടവിലാക്കപ്പെട്ട ചൈനീസ് ബിഷപ്പിന്‍റെ ബ്ലോഗ് പുനരാരംഭിച്ചു
ഷാംഗ്ഹായ്: വത്തിക്കാന്‍റെ അംഗീകാരത്തോടെയുള്ള മെത്രാഭിഷേകം കഴിഞ്ഞയുടന്‍ വീട്ടു തടങ്കലിലാക്കപ്പെട്ട ചൈനീസ് മെത്രാന്‍ തദേവൂസ് മാ ദക്കിന്‍റെ ബ്ലോഗ് പുനരാരംഭിച്ചു. ജൂലൈ 7ാം തിയതി ബിഷപ്പ് തദേവൂസ് മായുടെ മെത്രാഭിഷേകം കഴിഞ്ഞതു മുതല്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്ന ബ്ലോഗില്‍ 16ാം തിയതി തിങ്കളാഴ്ചയാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒരു ചിത്രവും 5 കവിതകളുമാണ് ബ്ലോഗില്‍ പുതുതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ പ്രഥമ കത്തോലിക്കാ വൈദികരിലൊരാളായ ഈശോ സഭാ വൈദികന്‍ വു യൂഷാന്‍ വൂ ലീയുടെ(1632-1718), കവിതകളാണ് ബ്ലോഗിലെ പുതിയ പോസ്റ്റ്. ബ്ലോഗില്‍ പ്രതികരണം രേഖപ്പെടുത്തിയ നിരവധി കത്തോലിക്കര്‍ ബിഷപ്പിന്‍റെ സുരക്ഷയില്‍ ആശങ്കയും പ്രകടിപ്പിച്ചു. ചൈനയിലും വിദേശത്തുമുള്ള നിരവധിപേര്‍ ബിഷപ്പിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. ബിഷപ്പ് തദേവൂസ് മായുടെ മോചനത്തിനായി ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ പ്രാര്‍ത്ഥന തുടരുകയാണ്.

ഷാംഗ്ഹായ് രൂപതയുടെ സഹായമെത്രാനായി ജൂലൈ ഏഴാം തിയതി അഭിഷിക്തനായ ബിഷപ്പ് മാ ചൈനീസ് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കാത്തലിക്ക് പേട്രിയോട്ടിക്ക് സഭയില്‍ നിന്നു രാജിവെക്കുന്നതായി പരസ്യ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് വീട്ടുതടങ്കലിലായത്. ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രിത സഭയുടെ നീക്കങ്ങളെ പരസ്യമായി അപലപിച്ച അദ്ദേഹം ഏതു ഭരണകൂടവും അനുവദിക്കുന്ന അടിസ്ഥാന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ചൈനീസ് സര്‍ക്കാരിന്‍റെ അതിരുകടന്ന പ്രവൃത്തിയെന്നും കുറ്റപ്പെടുത്തി. ചൈനയിലെ കത്തോലിക്കാ സഭയില്‍ ഭിന്നതയും സാധാരണ ജനങ്ങളില്‍ ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത സഭ ഇല്ലാതാകണമെന്നും, പത്രോസിന്‍റെ പരമാധികാരവും ഏകവും സാര്‍വ്വത്രികവുമായ സഭയെ ചൈനയില്‍ വളര്‍ത്തിയെടുക്കണമെന്നും ബിഷപ്പ് തദേവൂസ് മാ പ്രഭാഷണമദ്ധ്യേ ജനങ്ങളെ ആഹ്വാനംചെയ്തു. തുടര്‍ന്ന് ചൈനീസ് ഭരണകൂടം അദ്ദേഹത്തെ ഷാങ്ഹായിക്കടുത്തുള്ള സെമിനാരിയില്‍ തടങ്കലിലാക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക