Image

സാമ്പത്തിക ന്യൂനതകള്‍ വത്തിക്കാന്‍ പരിഹരിച്ചുവെന്ന് റിപ്പോര്‍ട്ട്

Published on 20 July, 2012
സാമ്പത്തിക ന്യൂനതകള്‍ വത്തിക്കാന്‍ പരിഹരിച്ചുവെന്ന് റിപ്പോര്‍ട്ട്
വത്തിക്കാന്‍ : സാമ്പത്തിക സംവിധാനത്തിലെ ന്യൂനതകള്‍ വത്തിക്കാന്‍ പരിഹരിച്ചുവെന്ന്, യൂറോപ്യന്‍ യൂണിയന്‍റെ സാമ്പത്തിക സമിതിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
ജൂലൈ 18-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി മോണ്‍സീഞ്ഞോര്‍ എത്തോരെ ബലസ്ത്രേരോ നല്കിയ വാര്‍ത്താക്കുറിപ്പിലാണ് യൂറോപ്യന്‍ സാമ്പത്തിക സമിതി മണിവാലിന്‍റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. വത്തിക്കാന്‍റെ പണം കൈമാറ്റ സംവിധാനങ്ങളില്‍ ക്രമകേടുകള്‍ ഉണ്ടെന്നുള്ള വ്യാപകമായ ആരോപണത്തെ തുടര്‍ന്ന്, 2011 ഫെബ്രുവരി മാസത്തിലാണ് യൂറോപ്യന്‍ യൂണിയന്‍റെ സാമ്പത്തിക സമിതിയായ മണിവാലിന്‍റെ അന്വേഷണവും വിദഗ്ദ്ധാഭിപ്രായവും വത്തിക്കാന്‍ തേടിയത്. ബനഡിക്ട് 16-ാമന്‍ പാപ്പ തന്‍റെ സ്വയം ഭരണാധികാരത്തില്‍ അന്വേഷണ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ സാമ്പത്തിക സമിതി രംഗത്തെത്തിയത്.

ആഗോളതലത്തില്‍ കണ്ടുവരുന്ന ധനത്തിന്‍റെ വന്‍ ചൂതാട്ടവും സാമ്പത്തിക ഭീകര പ്രവര്‍ത്തനങ്ങളും സഭയില്‍ വന്നു കൂടരുതെന്ന ലക്ഷൃത്തോടെയാണ് പാപ്പ ഇതാവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. വത്തിക്കാന്‍റെ ധനവിനിയോഗ സംവിധാനം വളരെ സുതാര്യതയോടെ സ്വയം വെളിപ്പെടുത്തുകയും, കുറവുകള്‍ അതിവേഗം പരിഹരിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് കണക്കുകളോടെ വ്യക്തമാക്കി.

ഇനിയും മെച്ചപ്പെടേണ്ട മേഖലകളെക്കുറിച്ച് വ്യക്തമായ ധാരണയും സാങ്കേതിക സഹായവും നല്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍റെ സാമ്പത്തിക സമിതിക്കു സാധിച്ചിട്ടുണ്ടെന്നും, പൂര്‍ണ്ണ കാര്യക്ഷമതയുള്ള സംവിധാനം ഉടനെ വളര്‍ത്തിയെടുക്കാന്‍ വത്തിക്കാന് സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക