ജൂലൈ മാസം പതിനാലാം തീയതി അമേരിക്കയിലെ മലങ്കര കാത്തോലിക്കാ മക്കളുടെ സഭാജീവിതത്തിലെ വളരെ പ്രാധാന്യമുള്ള ദിവസമാണ്. ദൈവത്തിന്റെ അനന്തമായ പരിപാലനയില്‍ 2010 ജൂലൈ പതിനാലാം തീയതി പരിശുദ്ധ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അമേരിക്കയിലെ മലങ്കര കാത്തോലിക്കാ വിശ്വാസികള്‍ക്ക് വേണ്ടി ഒരു എക്സാര്‍ക്കേറ്റ് സ്ഥാപിച്ചു. ഈ ചരിത്ര സംഭവത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ അതേ സ്നേഹ പരിപാലനയുടെ അനുഗ്രഹസ്പര്‍ശം ഈ സഭയുടെ ശ്രേഷഠരായ രണ്ട് യുവാക്കളെ ശെമ്മാശ ശുശ്രൂഷയിലേക്ക് ആനയിച്ചത് വഴി സഭാമക്കള്‍ക്ക് അനുഭവവേദ്യമായി. ന്യൂയോര്‍ക്കിലെ എല്മണ്ട് സെന്റ് വിന്‍സന്റ് ഡി പോള്‍ കത്തോലിക്കാ പള്ളിയില്‍ വച്ച് നടന്ന അതീവ ഹൃദ്യമായ ഒരു ആരാധാനാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ബ്രദര്‍ ലിന്റു മാര്‍ക്കോസും ബ്രദര്‍ മൈക്കിള്‍ ഇടത്തിലും മലങ്കര കാത്തോലിക്കാ സഭയും അമേരിക്കന്‍ മെത്രാപ്പോലീത്താ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് പിതാവിന്റെ മഹനീയ കാര്‍മ്മികത്വത്തില്‍ ശെമ്മാശന്മാരായി അഭിഷേകം ചെയ്യപ്പെട്ടു.
പത്തനംതിട്ട രൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസ്റ്റോറ്റം തിരുമേനി സഹകാര്‍മ്മികനായിരുന്നു. ന്യൂയോര്‍ക്കിലെ സെന്റ് ജോസഫ് സെമിനാരി റെക്ടറും റോക്വില്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ വില്യം മര്‍ഫി തിരുമേനിയുടെ പ്രത്യേക പ്രതിനിധിയുമായ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ വികാരി ആരാധനാ മധ്യേ വചന പ്രഘോഷണം നടത്തി. അനേകം വൈദികരും സന്യസ്തരും അറുനൂറോളം വിശ്വാസികളും പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ ഈ ആരാധനാനുഭവത്തില്‍ പങ്ക് ചേര്‍ന്നു. ആരാധനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ അഭിവന്ദ്യ യൗസേബിയൂസ് തിരുമേനിയും, ക്രിസോസ്റ്റം തിരുമേനിയും എക്സാര്‍ക്കേറ്റ് വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കൊച്ചേരിയും നവാഭിഷകതരെ അനുമോദിച്ചു. ശെമ്മാശന്മാരുടെ പ്രതിനിധിയായി ഡീക്കന്‍ ലിന്റു മാര്‍ക്കോസ് നന്ദി പ്രകാശിപ്പിച്ചു.
അമേരിക്കയിലെ ഭാരത കാത്തോലിക്കാ സഭകളില്‍ നിന്നും ആദ്യത്തെ ശെമ്മാശ്നമാരാണ് ഡീക്കന്‍ ലിന്റു മാര്‍ക്കോസും ഡീക്കന്‍ മൈക്കിള്‍ ഇടത്തിലും. ഡീക്കന്‍ ലിന്റു ചിക്കാഗോ സ്വാദേശിയും മാത്യൂ ഷേര്‍ലി ദമ്പതികളുടെ സീമന്തപുത്രനുമാണ്. സ്റ്റീവാണ് സഹോദരന് ഡീക്കന്‍ മൈക്കിള്‍ ഫിലഡല്‍ഫിയ ഇടവകയില്‍ നിന്നുള്ള ഫിലിപ്പ് രാജമ്മ ദമ്പതികളുടെ മകനാണ്. ഐലിന്, ജോസ്ലിന്, ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍. ശുശ്രൂഷയുടെ ആരംഭത്തില്‍ എക്സ്ക്കേറ്റിന് വേണ്ടി വൈദിക പരിശീലനം നടത്തുന്ന ജെറി മാത്യൂ ജോസിന് തോമസ് എന്നീ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് അഭിവന്ദ്യ പിതാവ് വൈദീക വസ്ത്രം നല്കുകയുണ്ടായി.
ഡീക്കന്‍ ലിന്റു
ഡീക്കന്‍ മൈക്കിള്‍