Image

ബനഡിക്ട് ഉള്ളുകൊണ്ടൊരു ബനഡിക്ടൈന്‍

Published on 13 July, 2012
ബനഡിക്ട് ഉള്ളുകൊണ്ടൊരു ബനഡിക്ടൈന്‍
റോം: ബനഡിക്ട് 16-ാമന്‍ പാപ്പാ ഉള്ളുകൊണ്ട് ഒരു ബനഡിക്ടൈന്‍ സന്യാസിയാണെന്ന്, ആഗോള ബനഡിക്ടൈന്‍ സഭയുടെ ആബട്ട് പ്രീമേറ്റ്, നോക്കര്‍ വൂല്‍ഫ് പ്രസ്താവിച്ചു. സന്ന്യാസ ജീവിത സമര്‍പ്പണത്തിന്‍റെ പിതാവും യൂറോപ്പിന്‍റെ മദ്ധ്യസ്ഥനുമായ വിശുദ്ധ ബനഡിക്ടിന്‍റെ തിരുനാള്‍ ദിനമായ ജൂലൈ 11-ാം തിയതി വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആബട്ട് നോക്കര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

‘പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ലോകത്ത് സമാധാനത്തിന്‍റെ സംസ്ക്കാരത്തിന് തിരികൊളുത്തിയ വിശുദ്ധ ബനഡിക്ടിന്‍റെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ടാണ്’ കര്‍ദ്ദിനാള്‍ റാത്സിങ്കര്‍ ബനഡിക്ട് എന്ന പേര്,
തന്‍റെ സ്ഥാനാരോഹണ ദിനത്തില്‍ സ്വീകരിച്ചതെന്ന്, പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആബട്ട് നോക്കര്‍ അഭിമുഖത്തില്‍ അനുസ്മരിച്ചു.

യുവാവായിരുന്നപ്പോള്‍ ബനഡിക്ടൈന്‍ സന്ന്യാസി ആകാന്‍ ആഗ്രഹിച്ച ജോസഫ് റാത്സിങ്കര്‍, ഇന്ന് നവസുവിശേഷവത്ക്കരണ പദ്ധതിയിലൂടെ വിശുദ്ധ ബനഡിക്ടിനെപ്പോലെ യൂറോപ്പിന്‍റെയും ലോകത്തിന്‍റെ തന്നെയും നവീകരണവും...., സമാധാനത്തിന്‍റെ പാതയിലുള്ള സഭയുടെ പതറാത്ത പുനഃര്‍സമര്‍പ്പണവുമാണ് പ്രകടമാക്കുന്നതെന്നും, പാപ്പായുടെ നാട്ടുകാരനായ ആബട്ട് നൂക്കര്‍ അഭിപ്രായപ്പെട്ടു.

1964 ഒക്ടോബര്‍ 24-ാം തിയതി ഇറ്റിലയിലെ മോന്തെ കാസ്സിനോയിലുള്ള ബനഡിക്ടൈന്‍ ആശ്രമത്തില്‍വച്ച് പോള്‍ ആറാമന്‍ പാപ്പായാണ് സന്ന്യാസ ജീവിതത്തിന്‍റെ നവോത്ഥാരകനായ വിശുദ്ധ ബനഡിക്ടിനെ ‘യൂറോപ്പിന്‍റെ മദ്ധ്യസ്ഥ’നായി പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക