Image

എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്‌ ലഭിച്ചവര്‍ക്ക്‌ ആഗ്രഹിക്കുന്ന സ്‌കൂളില്‍ പ്രവേശനം നല്‍കും‍‍‍

Published on 13 July, 2012
എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്‌ ലഭിച്ചവര്‍ക്ക്‌ ആഗ്രഹിക്കുന്ന സ്‌കൂളില്‍ പ്രവേശനം നല്‍കും‍‍‍
തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സിക്ക്‌ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്‌ ലഭിച്ച കുട്ടികള്‍ക്ക്‌ അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ തന്നെ പ്രവേശനം നല്‍കാന്‍ ഉത്തരവ്‌ നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആവശ്യത്തിന്‌ സീറ്റില്ലെങ്കില്‍ അധികം സീറ്റുകള്‍ സൃഷ്‌ടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പട്ടാമ്പിയില്‍ പ്ലസ്‌ വണ്ണിന്‌ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ രേഷ്‌മ എന്ന കുട്ടി ആത്മഹത്യ ചെയ്‌ത സംഭവം ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. എസ്‌.എസ്‌.എല്‍.സിക്ക്‌ 61 ശതമാനം മാര്‍ക്ക്‌ ലഭിച്ച രേഷ്‌മയ്‌ക്ക് പ്രവേശനം ലഭിക്കാതെ പോയത്‌ സര്‍ക്കാരിന്റെ വികലമായ നയത്തിന്റെ ഭാഗമാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. സിബിഎസ്‌ഇ സ്‌കൂളുകളെ സഹായിക്കുന്ന നയമാണ്‌ സര്‍ക്കാരിന്റെത്‌. സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ അലോട്ട്‌മെന്റ്‌ നീട്ടിയെന്നും പ്രതിപക്ഷം ആരോപിച്ചു.

തുടര്‍ന്ന്‌ സംസാരിച്ച വിദ്യാഭ്യാസമന്ത്രി പി.കെ അബ്‌ദുറബ്ബ്‌ പ്ലസ്‌ വണ്‍ കോഴ്‌സുകള്‍ക്ക്‌ സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും മലപ്പുറം ജില്ലയില്‍ മാത്രം 2000ല്‍ ഏറെ സീറ്റുകള്‍ ഒഴിവുണ്ടെന്നും സിബിഎസ്‌ഇ സ്‌കൂളുകളെ സഹായിക്കുന്ന നിലപാട്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട്‌ സംസാരിച്ച മുഖ്യമന്ത്രി മരിച്ച രേഷ്‌മയുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന്‌ സഭയില്‍ അറിയിച്ചു. ഏകജാലക സംവിധാനത്തിലെ അപാകതയാണ്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ തടസ്സം സൃഷ്‌ടിക്കുന്നതെങ്കില്‍ അതിന്‌ ഉത്തരവാദി കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരാണ്‌. ഏകജാലകത്തിലെ അപാകതകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക