Image

സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്

മാത്യുക്കുട്ടി ഈശോ Published on 26 February, 2022
സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്

 

ന്യൂയോര്‍ക്ക്:  ഈ ലോകത്തിലെ  ഹൃസ്വകാല ജീവിതത്തിനിടയില്‍ ചുരുങ്ങിയ രീതിയിലെങ്കിലും മറ്റുള്ളവര്‍ക്ക് സഹായഹസ്തം നീട്ടണം എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ചുറ്റുവട്ടത്തു ഉണ്ടായിരിക്കും. പലപ്പോഴും നാം നിനച്ചിരിക്കാത്ത സമയത്തു ചിലരുടെയെങ്കിലും സഹായഹസ്തമോ ഒരു സാന്ത്വന വാക്കോ ലഭിച്ചാല്‍ അത് നമ്മുടെ ജീവിതത്തെ തന്നെ  മാറ്റിമറിച്ചേക്കാം. ചിലര്‍ ഇത്തരം സഹായങ്ങള്‍ മറ്റുള്ളവരറിയാതെ അര്‍ഹതപ്പെട്ടവര്‍ക്ക്  നേരിട്ട് നല്‍കും. എന്നാല്‍ മറ്റു ചിലര്‍ ഒറ്റയ്ക്ക് ചെറിയ സഹായം ചെയ്യുന്നതിന് പകരം  സമാന മനസ്‌കരായ കുറേപ്പേരെ ചേര്‍ത്ത് സംഘടനാ വഴി വലിയ സഹായം എത്തിച്ചു തരും. അപ്രകാരം സംഘടനാ  നേതൃത്വത്തിലൂടെ വലിയ രീതിയില്‍  സമൂഹത്തിനു നന്മ ചെയ്തുകൊണ്ടിരിക്കുന്ന ന്യൂയോര്‍ക്കിലുള്ള ഒരു ചെറുപ്പക്കാരനാണ്  ബിജു ചാക്കോ. ന്യൂയോര്‍ക്കിലെ വിവിധ സംഘടനയിലൂടെ സമാന ചിന്താഗതിക്കാരായ കുറച്ചു പേര്‍ക്ക് പ്രചോദനം നല്‍കി വലിയ സഹായങ്ങള്‍ ചെയ്യാന്‍ മുന്‍കൈ എടുക്കുന്ന  വ്യക്തിയാണ് ബിജു.

അമേരിക്കയിലെ  മലയാളീ സംഘടനകളുടെ ഏറ്റവും വലിയ  അംബ്രല്ല സംഘടനയായ  ഫോമായുടെ (FOMAA) 2022-2024 വര്‍ഷത്തെ ചുമതലക്കാരുടെ തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി മത്സരരംഗത്തേക്കു ബിജുവിനെ നോമിനേറ്റ് ചെയ്യുവാന്‍  ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ്  ചുമതലക്കാര്‍ക്ക്  പ്രചോദനം നല്‍കിയതും ബിജുവിന്റെ  സാമൂഹിക സേവന തല്പരതയാണ് . അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ പ്രമുഖ സംഘടനയാണ് മുപ്പത്തഞ്ചില്‍പരം വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ്. 

ലോങ്ങ് ഐലന്‍ഡ് ജൂയിഷ് ഹോസ്പിറ്റലിലെ പാള്‍മിനറി മെഡിക്കല്‍ ടെക്കനോളജി വിഭാഗത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയും  ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളിലൂടെ സാമൂഹിക സാംസ്‌കാരിക  പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന ബിജു ചാക്കോ ഏവര്‍ക്കും സുപരിചിതനായ വ്യക്തിയാണ്. നിലവില്‍ ഫോമായുടെ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ സെക്രട്ടറിയായ ബിജു  ''ഫോമാ ഹെല്പിങ് ഹാന്‍ഡ്'' പദ്ധതിയുടെ രൂപശില്പികളില്‍  ഒരാളും പദ്ധതി സെക്രട്ടറിയുമാണ്.  ''ഫോമാ ഹെല്പിങ് ഹാന്‍ഡ്'' പദ്ധതിയിലൂടെ ഫോമായുടെ നിലവിലുള്ള പ്രസിഡന്റ്  അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍  കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ബിജു നടത്തിയ സാമൂഹിക സേവനം വളരെ പ്രശംസനീയമാണ്.  ഫോമാ വില്ലേജിന്റെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ബിജു ചാക്കോയുടെ പങ്ക്  ചുമതലക്കാര്‍ക്കെല്ലാം സുപരിചിതമാണ്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍ കെവിന്‍ തോമസിന്റെ 2018, 2020-ലെ ഇലക്ഷന്‍ കോര്‍ഡിനേറ്ററായും ന്യൂയോര്‍ക്ക് സെനറ്റ് അംഗീകാരം നല്‍കിയ മലയാളി ഹെറിറ്റേജ് പ്രോഗ്രാമിന്റെ സംഘാടകരില്‍ ഒരാളായും ബിജു തന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവൃത്തിക്കുന്ന ECHO എന്ന സംഘടനയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയാണ് ബിജു. 2018-ലെ കേരള പ്രളയക്കെടുതിയില്‍ കഷ്ടതയനുഭവിച്ചവരെ സഹായിക്കുന്നതിനും  ഭവനരഹിതരായ 30 കുടുംബങ്ങള്‍ക്കു വീട് നിര്‍മിച്ചു  നല്കുന്നതിനുമായി  ECHO  മൂന്നു കോടി രൂപ സമാഹരിച്ചു നല്‍കുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ്  ബിജു.  കോട്ടയം കുമരകത്തു നിര്‍മിച്ചു നല്‍കിയ 30 ഭവനങ്ങളുടെ നിര്‍മ്മാണ സമയം ബിജു നേരിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്തു. നേപ്പാളിലെ ഭൂകമ്പത്തില്‍ നേപ്പാളി ജനതക്ക് ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നിര്‍മിച്ചു നല്‍കിയും  കിഡ്‌നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ വഴി നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് ഡയാലിസിസ് മെഷീന്‍ നല്കിയതുമുള്‍പ്പടെ  ECHO-യുടെ  അനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി നിന്ന ബിജു നല്ലൊരു സാമൂഹിക സേവകനാണ്.

ന്യൂയോര്‍ക്കിലെ വിവിധ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകളില്‍ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിയായും കമ്മറ്റി അംഗമായും മറ്റും പ്രവര്‍ത്തി പരിചയമുള്ളതിനാല്‍ ഫോമാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫോമാ എന്ന സംഘടനക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും ബിജു ചാക്കോ.   ന്യൂയോര്‍ക്കിലെ  സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ സെക്രട്ടറി, ട്രസ്റ്റി, സഭാ  മണ്ഡലം പ്രതിനിധി, ഭദ്രാസന അസംബ്ളി മെമ്പര്‍ എന്നീ മേഖലകളില്‍  സേവനം അനുഷ്ഠിച്ചിട്ടുള്ള ബിജു നല്ലൊരു സംഘാടകന്‍ കൂടിയാണ്. സൗമ്യതയും മിതഭാഷിത്വവും മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രത്യേക കഴിവും ബിജുവിനെ മറ്റുള്ളവരില്‍ നിന്നും  വ്യത്യസ്തനാക്കുന്നു.

അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിന്റെ 2020 -2021 ലെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. നല്ലൊരു സ്‌പോര്‍ട്‌സ് സ്നേഹികൂടിയയായ ബിജു ചാക്കോ ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സജീവ അംഗമാണ്.  ഫോമായുടെ നല്ല ഭാവി ആഗ്രഹിക്കുന്നവര്‍ എല്ലാവരും ബിജുവിന് വോട്ടുനല്‍കി ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിപ്പിക്കണം എന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്
സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്
Join WhatsApp News
Mathew Joys 2022-04-06 16:12:05
Best Wishes Biju Chacko, your dedication and services are highly commendable✍🏼
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക