Image

പോര്‍വിളികളില്‍ തളര്‍ന്ന്‌ യുഡിഎഫ്‌

ജി.കെ. Published on 11 July, 2012
പോര്‍വിളികളില്‍ തളര്‍ന്ന്‌ യുഡിഎഫ്‌
സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനെയും വനം മന്ത്രി കെ.ബി.ഗണേശ്‌കുമാറിനെയും കാണുന്നവര്‍ ഇപ്പോള്‍ ആദ്യം ചൊല്ലുന്നത്‌ വടക്കന്‍ പാട്ടിലെ ഈ വരികളായിരിക്കും. `കൊണ്‌ടു നടന്നതും നീയേ ചാപ്പാ കൊണ്‌ടു പോയി കൊല്ലിച്ചതും നീയേ ചാപ്പാ' എന്ന്‌. കാരണം ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ വരെ അടയും ചക്കരയും പോലെ `മെയ്‌ഡ്‌ ഫോര്‍ ഈച്ച്‌ അദര്‍' ആയിരുന്നവരാണ്‌ ഇപ്പോള്‍ ഒരു എസ്റ്റേറ്റ്‌ ഏറ്റെടുക്കലിന്റെ പേരില്‍ മോരും മതിരയുമായി മുന്നണിയിലിരുന്ന്‌ പരസ്‌പരം പോര്‍വിളിക്കുന്നത്‌. വാളകം കഴിഞ്ഞതോടെ ഇരുമെയ്യും ഒരുമനസുമായിരുന്നവര്‍ ഇപ്പോള്‍ കണ്‌ടാല്‍ കടിച്ചുകീറുമെന്ന അവസ്ഥയിലാണ്‌.

നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി തീര്‍ന്ന സര്‍ക്കാര്‍ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള ഗണേശന്‍ മന്ത്രിയുടെ ഉറച്ച തീരുമാനമാണ്‌ കുടിയേറ്റക്കാരുടെ സ്വന്തം പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസിന്റെ ഏക വൈസ്‌ ചെയര്‍മാനായ ജോര്‍ജ്‌ അച്ചായനെ ഇത്രയേറെ ചൊടിപ്പിച്ചത്‌. പ്രത്യേകിച്ച്‌ നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ്‌ ഏറ്റെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കങ്ങള്‍. അതിന്‌ പിന്നില്‍ പി.സി.ജോര്‍ജിനും കേരളാ കോണ്‍ഗ്രസിനുമുള്ള താല്‍പര്യങ്ങള്‍ എന്തൊക്കെയായാലും പരസ്‌പരമുള്ള ഈ ചെളിവാരിയേറ്‌ മെട്രോ തിളക്കത്തില്‍ നില്‍ക്കുകയായിരുന്ന യുഡിഎഫ്‌ സര്‍ക്കാരിനുണ്‌ടാക്കിയ നാണക്കേട്‌ ചെറുതല്ല.

പി.സി.ജോര്‍ജ്‌ വാര്‍ത്താസമ്മേളനം നടത്തി ഗണേശിനെതിരെ വിളിച്ചുപറഞ്ഞ കാര്യങ്ങളാകട്ടെ ജോര്‍ജുമായി സഹകരിച്ച്‌ മുന്നോട്ടുപോകുന്ന ഏതൊരു രാഷ്‌ട്രീയക്കാരനുമുള്ള മുന്നറിയിപ്പു കൂടിയാണ്‌. കൂടെ നില്‍ക്കുകയും കൂട്ട്‌ തെറ്റുമ്പോള്‍ കൂടെ നിന്നപ്പോള്‍ ചെയ്‌ത കാര്യങ്ങള്‍ വിളിച്ചുപറയുകയോ പറയുമെന്ന്‌ പറഞ്ഞ്‌ ബ്ലാക്‌മെയില്‍ ചെയ്യുകയോ ചെയ്യുന്നത്‌ എത്ര സത്യസന്ധനായ രാഷ്‌ട്രീയ നേതാവായാലും സാമാന്യ മര്യാദയ്‌ക്കു നിരക്കുന്നതല്ല.

ഇതാണ്‌ ജോര്‍ജിന്റെ ശൈലിയെന്ന്‌ തിരിച്ചറിയുന്നവരും തരിച്ചറിഞ്ഞിട്ടുള്ളവരും അദ്ദേഹവുമായി ഇടപെടുമ്പോള്‍ ഒരു കൈയകലം പാലിക്കാറുണ്‌ടെന്നെങ്കിലും ഗണേശന്‍ ഓര്‍ക്കണമായിരുന്നു എന്നു മാത്രമെ ഇപ്പോള്‍ പറയാനാകു. വി.എസിനു പറ്റിയതും മാണി സാറിന്‌ പറ്റിക്കൊണ്‌ടിരിക്കുന്നതും അതു തന്നെയാണെന്ന്‌ തിരിച്ചറിയാനുള്ള രാഷ്‌ട്രീയ പക്വതയില്ലാതെപോയി എന്നതാണ്‌ ഗണേശന്‌ പറ്റിയ അമളി.

വാളകം സംഭവത്തെത്തുടര്‍ന്ന്‌ പത്തനാപുത്ത്‌ വി.എസിനെതിരെ ഗണേശ്‌ സഭ്യമല്ലാത്ത വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അതേവേദിയിലിരുന്ന്‌ അതിനെ കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ച ആളാണ്‌ പി.സി.ജോര്‍ജ്‌. മൂന്‍ മന്ത്രി ബാലന്‍ നിയമസഭയില്‍ വെച്ച്‌ മിസ്റ്റര്‍ ഗണേശ്‌ എന്ന്‌ അഭിസംബോധന ചെയ്‌തുവെന്ന കുറ്റത്തിന്‌ അദ്ദേഹത്തെ പൊട്ടനെന്ന്‌ വിളിക്കാനും ജോര്‍ജ്‌ കൂടെയുണ്‌ടായിരുന്നു. ഇത്തരത്തില്‍ തോളില്‍ കൈയിട്ട്‌ കൂടെ നടന്ന ഒരാളെയാണ്‌ ഒരുമുന്നണിയില്‍ ഒരുമിച്ചിരുന്ന്‌ ജോര്‍ജ്‌ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്‌. ഒപ്പം ഇനിയും പലതും പറയുമെന്നൊരും ബ്ലാക്‌മെയിലിംഗ്‌ നടത്താനും ജോര്‍ജ്‌ മറന്നില്ല.

യുഡിഎഫ്‌ നേതൃത്വം ഇടപെട്ട്‌ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നതില്‍ നിന്ന്‌ ഇരുവരെയും വിലക്കിയെങ്കിലും കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ തിളക്കത്തില്‍ നിന്നിരുന്ന സര്‍ക്കാരിന്‌ ജോര്‍ജിന്റെയും ഗണേശിന്റെയും ചക്കളത്തിപ്പോരുകൊണ്‌ടുണ്‌ടായ പ്രതിച്ഛായാ നഷ്‌ടം ചില്ലറയല്ല. നെല്ലിയാമ്പതിയുടെ പേരിലുള്ള യുഡിഎഫിലെ പ്രസ്‌താവനായുദ്ധം ഇവിടംകൊണ്‌ടൊന്നു തീരുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നതാണ്‌ മറ്റൊരു വിരോധാഭാസം.

നെല്ലിയാമ്പതി വിഷയം പഠിക്കാനായി യുഡിഎഫ്‌ ഉപസമിതി രൂപീകരിച്ച കാര്യം പത്രത്തില്‍ വായിച്ചറിവേ തനിക്കുള്ളൂവെന്ന്‌ ഗണേശന്‍ നിയമസഭയില്‍ പറയുകയും മുഖ്യമന്ത്രി അതിനെ പിന്താങ്ങുകയും ചെയ്‌തെങ്കിലും ഉപസമിതിയുടെ കാര്യം ഗണേശിനെ നേരത്തെ അറിയിച്ചതാണെന്ന്‌ അറിയിക്കാനായി പത്രസമ്മേളനം നടത്തി യുഡിഎഫ്‌ കണ്‍വീനര്‍ കൂടിയായ പി.പി.തങ്കച്ചന്‍ അടുത്ത വെട്ടിക്കെട്ട്‌ പുരയ്‌ക്ക്‌ തീ കൊളുത്തിയിട്ടുണ്‌ട്‌. തങ്കച്ചന്‍ പറഞ്ഞതാണ്‌ ശരിയെങ്കില്‍ മന്ത്രി നിയമസഭയില്‍ കളവുപറഞ്ഞുവെന്നായിരിക്കും പ്രതിപക്ഷം അടുത്തതായി ഉന്നയിക്കുക.

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ നിന്ന്‌ ഇനിയും പുറത്തുകടക്കാനായിട്ടില്ലാത്ത സിപിഎം നേതൃത്വത്തിന്‌ നെല്ലിയാമ്പതി വിഷയമായാലും ലീഗ്‌ മന്ത്രിയുടെ പച്ച ബ്ലൗസ്‌ വിവാദമായാലും സ്വാശ്രയ ഫീസായാലും യുഡിഎഫിലെ ഘടകകക്ഷികള്‍ അറിഞ്ഞു തന്നെ ആയുധങ്ങള്‍ നല്‍കുന്നുണ്‌ട്‌. പക്ഷെ ഇതുകൊണ്‌ടൊക്കെ വിവാദവ്യവസായവും ദൃശ്യമാധ്യമങ്ങളുടെ പ്രൈം ടൈം ചര്‍ച്ചകളും മാത്രമെ തഴച്ചുവളരൂ എന്ന തിരിച്ചറിവ്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ ഇനി എന്നാണ്‌ ഉണ്‌ടാവുക.

കോണ്‍ഗ്രസിലെ പുനഃസംഘടന വരുമ്പോഴുണ്‌ടാവുന്ന പൊട്ടിത്തെറികള്‍ ഓര്‍ത്ത്‌ കുഞ്ഞൂഞ്ഞിനും ചെന്നിത്തലയ്‌ക്കും ഇപ്പോഴെ ഉറക്കമില്ല. അതിനിടയിലാണ്‌ ഘടകകക്ഷികള്‍ പരസ്‌പരം തൊഴിത്തില്‍ കുത്തുന്നത്‌. എന്തായാലും യുഡിഎഫില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്‌ടെന്നതിന്റെ ബഹിര്‍സ്‌ഫുരണങ്ങളാണ്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്‌ടിരിക്കുന്നത. #അത്‌ ഏറെ നീണ്‌ടുനില്‍ക്കില്ലെന്ന്‌ നമുക്ക്‌ ആശിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക