Image

അപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു

സ്വന്തം ലേഖകന്‍ Published on 14 January, 2022
അപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു

ന്യൂയോര്‍ക്ക് : അമേരിക്കന്‍  മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2022 -24 കാലയളവിലെ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.1975 അമേരിക്കയില്‍ എത്തിയ കാലം മുതല്‍ മുതല്‍  മലയാളി സംഘടനകള്‍ക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം ഫൊക്കാനയുടെ തുടക്കം മുതല്‍ നിറഞ്ഞ സാന്നിധ്യമാണ്. ന്യൂയോര്‍ക്ക് റീജിയണിന്റെ വൈസ് പ്രസിഡന്റായി മത്സരിക്കുമ്പോള്‍ തന്റെ കഴിവും പ്രവര്‍ത്തങ്ങളും അമേരിക്കന്‍ മലയാളികളുടെ സ്വന്തം സംഘടനയായ ഫൊക്കാനയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം ഇ-മലയാളിയോട് പറഞ്ഞു. 


സാംസ്‌കാരിക രംഗത്തും സജീവമായ അപ്പു പിള്ള അമേരിക്കയില്‍ സായിപ്പിന് പോലും തിരിച്ചറിയാന്‍ കഴിയുന്ന മഹാബലി കൂടിയാണ്. വര്‍ഷങ്ങളായി മഹാബലിയായി വിവിധ സംഘടനകളുടെ ഓണാഘോഷണങ്ങളില്‍ അപ്പുച്ചേട്ടന്‍ മലയാളിയായി നില്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്നും സാക്ഷാല്‍ മഹാബലി അമേരിക്കയില്‍ എത്തിയതെന്നു തോന്നും.


'കേരളത്തെ  ആധിയും വ്യാധിയുമില്ലാത്ത ഒരു സമൂഹമാക്കി ഒരു ചരടില്‍ കോര്‍ത്തിണക്കി ഭരിച്ച നല്ലവനായ ഭരണാധിപന്റെ വേഷം അണിയുമ്പോള്‍ വല്ലാത്ത ഒരു സന്തോഷമാണ് മനസിനുണ്ടാകുന്നത്. മഹാബലിയെ കാണുമ്പോള്‍ കേരളം പണ്ട് നന്നായി ഭരിച്ചിരുന്ന ഒരു ഭരണാധിപനോട് ജനം കാണിക്കുന്ന സ്‌നേഹവായ്പുകള്‍ എനിക്കും ലഭിക്കുന്നു .മലയാളി ഉള്ള കാലത്തോളം മഹാബലിയും ഉണ്ടാകുന്നു എന്നതാണ് തന്റെ സന്തോഷമെന്ന്' .അദ്ദേഹം പറയാറുള്ള വാക്കുകള്‍.

പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ആയിരുന്ന അപ്പു പിള്ള റിട്ടയര്‍മെന്റിനു ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളിലും അഭിനയത്തിലും സജീവമാണ് . പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച അവര്‍ക്കൊപ്പം എന്ന സിനിമയില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തു .
അമേരിക്കന്‍ മലയാളികളെ ചെണ്ട അഭ്യസിപ്പിക്കുന്ന ആശാന്‍ കൂടിയാണ് അദ്ദേഹം. ഓരോ അവധിക്ക് നാട്ടില്‍ വരുമ്പോഴും രണ്ടു ചെണ്ടയെങ്കിലും അമേരിക്കയ്ക്ക് കൊണ്ടുപോകും.'മലയാളികള്‍ പലപ്പോഴും മറന്നു പോകുന്ന നാട്ടു കലകള്‍ കേരളം വിടുന്നതോടെ നമ്മുടെ ഗൃഹാതുര സ്മരണകള്‍ ആയി മാറും .അപ്പോഴാണ് ചെണ്ട പഠിക്കണമെന്നും അത് പൊതു വേദിയില്‍ അവതരിപ്പിക്കണമെന്നും ആഗ്രഹം ഉണ്ടാകുന്നത്.'


അങ്ങനെ നിരവധി വിദ്യാര്‍ത്ഥികളെ ചെണ്ട പഠിപ്പിക്കുകയും പല വേദികളില്‍ തന്റെ ശിഷ്യര്‍ക്കൊപ്പം ഗംഭീര ചെണ്ടമേളം നടത്തുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .ജന്മനാട് മാവേലിക്കരയില്‍  ആണെങ്കിലും തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് ആറ്റുകാല്‍ അമ്മയോടുള്ള ഭക്തികൊണ്ട് ഒരു വീട് അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട് .എല്ലാ വര്‍ഷവും ആറ്റുകാലില്‍  പൊങ്കാലയിടാന്‍ എത്തുന്ന ഭക്തര്‍ക്ക് വീടും ഭക്ഷണവും  ഒരുക്കി ഈ മഹാബലി അവിടെയും കാത്തിരിക്കും .'അമ്മയെ കാണാന്‍ എത്തുന്ന ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ പാടില്ല .അണ്ണാറക്കണ്ണനും തന്നാലായത്,അത്രയുള്ളു'.

ജീവിതത്തില്‍ പുലര്‍ത്തിയ സത്യസന്ധതയാണ് ഇന്ന് വരെയുള്ള വളര്‍ച്ചയുടെ ശക്തി എന്ന് അപ്പുച്ചേട്ടന്‍ പറയുമ്പോള്‍ അത് ശരിവയ്ക്കാന്‍ തയാറായി ഭാര്യയും മക്കളും  കൊച്ചുമക്കളും ഒപ്പം കൂടും.

ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയംഗം, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ ട്രഷറര്‍, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ സ്ഥാപക മെമ്പര്‍,ഫൊക്കാന ടുഡേ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, സ്ഥാപക മെമ്പര്‍, നായര്‍ ബെനവലന്റ് അസോസിയേഷന്‍ സ്ഥാപക മെമ്പര്‍, കെ.എച്. എന്‍. എ യുടെ സംഘാടകന്‍, എന്നീ നിലകളില്‍ പ്രശസ്തനായ സംഘടകനാണ് അപ്പു പിള്ള.രണ്ട് സിനിമകളുടെ നിര്‍മ്മാതാവ് ,നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അപ്പുപിള്ള ഫോക്കയുടെ തുടര്‍ പ്രവര്‍ത്തങ്ങള്‍ക്കും വലിയ മുതല്‍ക്കൂട്ടാകും.

അപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നുഅപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു
Join WhatsApp News
പോക്കർ 2022-01-23 23:04:29
ഫൊക്കാനകളില് എന്തരു മത്സരം അണ്ണാ.ചുമ്മാ സിരിപ്പിക്കാതെ അപ്പീ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക