Image

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ തളളി, അപകടം സൈജു പിന്തുടർന്നതിനാലെന്ന് പൊലീസ്

Published on 30 November, 2021
മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ തളളി, അപകടം സൈജു പിന്തുടർന്നതിനാലെന്ന് പൊലീസ്
മുൻ മിസ് കേരള ഉൾപ്പെടെ മോഡലുകൾ കൊല്ലപ്പെട്ട കേസിൽ സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ സൈജു മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ തുടരും. 

സൈജുവിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സൈജു പിന്തുടർന്ന് മൽസരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണമായത്. അല്ലെങ്കിൽ മൂന്ന് ജീവൻ രക്ഷിക്കാമായിരുന്നു. ഗൗരവകരമായ വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളതെന്ന് കോടതി പറഞ്ഞു.

നമ്പർ 18 ഹോട്ടലിലെ പാർട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടർന്നതും ദുരുദ്ദേശ്യത്തോടെയായിരുന്നെന്ന് പൊലീസ് പറയുന്നു.  സംഭവദിവസം രാത്രി മോഡലുകളെ കൊച്ചിയിൽ തന്നെ നിർത്താനായിരുന്നു സൈജുവിൻറെ പദ്ധതി. ഇതിന് പെൺകുട്ടികൾ വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടർന്നത്. ഈ ചേസിങ്ങിനിടെയിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേർ കൊല്ലപ്പെട്ടത്.

സൈജു തങ്കച്ചൻ ലഹരിക്ക് അടിമയാണെന്നും നിരവധിപ്പേരെ ലഹരി ഉപയോഗത്തിലേക്കു കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചിരുന്നതായും വ്യക്തമായെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ഇയാൾ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ആളാണ് എന്നതിന്റെ തെളിവ് പൊലീസിനു ലഭിച്ചു.

സൈജുവിന്റെ സ്വഭാവം സംബന്ധിച്ച അന്വേഷണത്തിൽ, നിയമവിരുദ്ധമായ ഒരുപാടു കാര്യങ്ങൾ കണ്ടെത്തി. സൈജുവിന്റെ ചൂഷണത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും.  ഇയാളുടെ അതിക്രമത്തിന് ഇരയായവർ ആരെങ്കിലും മുന്നോട്ടു വന്നാൽ പരാതി സ്വീകരിക്കുമെന്നും കമ്മിഷണർ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക