Image

കോൺഗ്രസ്‌മാൻ  ടോം സുവോസി  ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു 

Published on 30 November, 2021
കോൺഗ്രസ്‌മാൻ  ടോം സുവോസി  ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു 

 ന്യൂയോർക്ക്:   ഡെമോക്രാറ്റായ കോൺഗ്രസ്‌മാൻ ടോം സുവോസി  ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

2022 ജൂൺ 28-ന് നടക്കുന്ന  ഡെമോക്രാറ്റിക് പ്രൈമറിയിൽ  ഏവരും പിന്തുണ നൽകി   വിജയിപ്പിക്കണമെന്ന് ' അനൗൺസ്‌മെന്റ് വീഡിയോ' യിലൂടെ  അദ്ദേഹം അഭ്യർത്ഥിച്ചു. ജനുവരി 10-ന് ന്യൂയോർക്ക് സിറ്റിയിലെ ഷെറാട്ടൺ ബോൾറൂമിൽ നടത്തുന്ന  കിക്കോഫ് ഫണ്ട്റൈസറിൽ സംഭാവന ചെയ്‌തോ വോളന്റിയറിങ് നടത്തിയോ വിലയേറിയ   വോട്ട് നൽകിയോ  ന്യൂയോർക്കിൽ മാറ്റം കൊണ്ടുവരാൻ ഒപ്പം നിൽക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.  

അറ്റോർണിയായുള്ള പരിചയസമ്പത്തും എക്‌സിക്യൂട്ടീവ്- രാഷ്ട്രീയ രംഗങ്ങളിലുള്ള അനുഭവജ്ഞാനവും  സംസ്ഥാനത്തെ നയിക്കാനുള്ള തന്റെ യോഗ്യതകളായി  സുവോസി  വിശദീകരിച്ചു.

മേയർ എന്ന നിലയിൽ, നഗരത്തിലെ  ആരോഗ്യരംഗം മെച്ചപ്പെടുത്തിയതും , ഡൗണ്ടൗൺ ബിസിനസ്  പുനരുജ്ജീവിപ്പിച്ചതും , 100 മില്യൺ ഡോളറിന്റെ ശുചീകരണപ്രവർത്തനങ്ങൾക്ക്   നേതൃത്വം നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി  .

നാസോ  കൗണ്ടി എക്‌സിക്യൂട്ടീവായിരിക്കെ  കുറ്റകൃത്യങ്ങൾ കുറയ്ക്കുകയും, 150 മില്യൺ ഡോളർ പരിസ്ഥിതി പരിപാടിക്ക് നേതൃത്വം നൽകിയതും ഉൾപ്പെടെയുള്ള നേട്ടങ്ങളും അദ്ദേഹം  ഓർമ്മപ്പെടുത്തി. 

സ്റ്റേറ്റ് ഹൌസിൽ   അഴിമതിക്കെതിരെ   'ഫിക്സ് ആൽബനി' രൂപീകരിച്ചതും സുവോസിയാണ്.. സംസ്ഥാനമൊട്ടാകെ മെഡികെയ്ഡ് ക്യാപ് പാസാക്കാനുള്ള ശ്രമത്തിനും  നേതൃത്വം നൽകി. ന്യൂയോർക്ക് സ്റ്റേറ്റ് പ്രോപ്പർട്ടി ടാക്സ് റിലീഫ് കമ്മീഷൻ അധ്യക്ഷനായും ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു.

 കോൺഗ്രസ് അംഗമെന്ന നിലയിൽ, ലക്ഷക്കണക്കിന് ന്യൂയോർക്കുകാർക്കുവേണ്ടി   SALT എന്ന  നികുതിയിളവ്  പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിനും  നേതൃത്വം നൽകി. പ്രശ്‌ന പരിഹാര കോക്കസിന്റെ (പ്രോബ്ലം സോൾവെർസ്‌ കോക്കസ്) വൈസ് ചെയർ എന്ന നിലയിൽ, ന്യൂയോർക്കിലേക്ക് കോടിക്കണക്കിന് ഡോളർ എത്തിക്കുകയും  ഉയർന്ന ശമ്പളമുള്ള തൊഴിലുകൾ  സൃഷ്ടിക്കുകയും ചെയ്യുന്ന ഉഭയകക്ഷി ഇൻഫ്രാസ്ട്രക്ചർ ബില്ലിനെക്കുറിച്ച്  ചർച്ച നടത്തിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ന്യൂയോർക്കിലെ ആശുപത്രികൾക്കും ചെറുകിട ബിസിനസ്സുകൾക്കും താമസക്കാർക്കുമായി  കോവിഡ് സമയത്ത് കോടിക്കണക്കിന് ഡോളറിന്റെ സഹായം എത്തിക്കാൻ മുൻകൈ എടുക്കുകയും ചെയ്തിരുന്നു.  

 ഇടത്തോട്ടോ വലത്തോട്ടോ നീങ്ങുന്നതിലൂടെ ന്യൂയോർക്കിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമുള്ള തന്റേതായ പ്രത്യയശാസ്ത്രവും അദ്ദേഹം പങ്കുവച്ചു.   ഡെമോക്രാറ്റിക് പാർട്ടിയുടെയും അമേരിക്കയെന്ന രാജ്യത്തിന്റെയും മഹത്വം നിലനിർത്തുന്ന ഭരണം കൊണ്ടുവരാൻ തനിക്ക് കഴിയുമെന്നും സുവോസി അവകാശപ്പെട്ടു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത വെല്ലുവിളികൾ നേരിടുന്ന ന്യൂയോർക്കിന് കരുത്ത് പകരാനുള്ള  പദ്ധതികൾ  വിഭാവന ചെയ്തിട്ടുണ്ടെന്നും  കോവിഡിനെയും സമ്പദ്‌വ്യവസ്ഥയെയും അഭിസംബോധന ചെയ്യാൻ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ചാൽ, സംസ്ഥാന ആദായനികുതി കുറയ്ക്കുമെന്നും ഭവനരഹിതരായ ആളുകൾക്ക്  പാർപ്പിടം നൽകുമെന്നും സുവോസി ഉറപ്പ് നൽകി. പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമായുള്ള  പോരാട്ടം  തുടരുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തെയും ശാക്തീകരിക്കാൻ ന്യൂയോർക്ക് സിറ്റി മേയറുമായി ചേർന്ന്  പ്രവർത്തിക്കുമെന്നുമാണ് സുവോസി നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ.

വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ  പോരാടുമെന്നും  തോക്ക് കൈവശം വയ്ക്കുന്ന നിയമങ്ങളിൽ  കർശനമായി ഇടപെടുമെന്നും  അക്രമാസക്തരായ കുറ്റവാളികളെ  തടയാൻ ജഡ്ജിമാർക്ക് അധികാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ന്യൂയോർക്ക് ഗവർണർ എന്നത്  രാജ്യത്തെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്നാണെന്നും  200 ബില്യൺ ഡോളർ ബജറ്റുകൊണ്ട്  19 മില്യണിലധികം ജനങ്ങളുടെ  ജീവിതം മെച്ചപ്പെടുത്തുക എന്നത് ഭാരിച്ച കടമയാണെന്ന ബോധ്യവും  അത് നിറവേറ്റാൻ പ്രാപ്തനാണെന്ന വിശ്വാസവും തനിക്കുണ്ടെന്നും  സുവോസി വ്യക്തമാക്കി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക