Image

പക്ഷിപ്പനിയെന്നു സംശയം; കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു

Published on 29 November, 2021
പക്ഷിപ്പനിയെന്നു സംശയം; കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു
അമ്പലപ്പുഴ : കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു. പുറക്കാട്ട് ഒന്‍പതിനായിരത്തോളം താറാവുകള്‍ ചത്തതിനു കാരണം പക്ഷിപ്പനിയെന്നു സംശയം. തിരുവല്ലയിലെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തിലേക്ക് അയച്ച സാംപിള്‍ വിശദ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസസിനു കൈമാറി.

പുറക്കാട് അറുപതില്‍ചിറ ജോസഫ് ചെറിയാന്റെ (ബാബു) രണ്ടര മാസം പ്രായമുള്ള 9000 താറാവുകളാണ് ചത്തത്. തകഴി കുന്നുമ്മ പന്നക്കുളത്തിനു സമീപത്തെ കരിയാര്‍ മുടിയിലക്കേരി പാടശേഖരത്തിന്റെ പുറം ബണ്ടിനോടു ചേര്‍ന്നു വളര്‍ത്തുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് താറാവുകള്‍ ചത്തു തുടങ്ങിയത്.

വിവരം അറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കുത്തിവയ്പും മരുന്നും നല്‍കിയിരുന്നു. എന്നാല്‍, അതുകൊണ്ടും ഫലമുണ്ടായില്ലെന്നു ജോസഫ് ചെറിയാന്‍ പറയുന്നു. താറാവിന്‍കുഞ്ഞുങ്ങള്‍ തൂങ്ങിനില്‍ക്കുന്നുണ്ട്. പുറംബണ്ടിലേക്കു വാഹനങ്ങള്‍ എത്താത്തതിനാല്‍, യന്ത്രം എത്തിച്ചു കുഴിയെടുത്ത് ചത്ത താറാവുകളെ മറവു ചെയ്യാനും കഴിഞ്ഞിട്ടില്ല.

13,500 താറാവുകളെയാണ് ജോസഫ് ചെറിയാന്‍ വളര്‍ത്തുന്നത്. ക്രിസ്മസ് വിപണിയായിരുന്നു പ്രധാന ലക്ഷ്യം. അസുഖം വരാത്ത താറാവുകളെ വീടിനോടു ചേര്‍ന്ന ഭാഗത്തേക്കു മാറ്റി. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തിന്റെ 10,000ല്‍ ഏറെ താറാവുകള്‍ അസുഖം ബാധിച്ച് ചത്തിരുന്നു. തിരുവല്ലയിലേക്ക് അയച്ച സാംപിളുകളുടെ പരിശോധനാഫലം വൈകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ്.ലേഖ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക