Image

ഒമിക്രോൺ; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

Published on 27 November, 2021
ഒമിക്രോൺ; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ  പശ്ചാത്തലത്തിൽ കേരളത്തിലും കേന്ദ്രത്തിന്റെ ജാ​ഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വകഭേദങ്ങളൊന്നും ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ലെന്നും സാമൂഹിക അകലം, മാസ്ക്്, കൈ കഴുകല്‍ എന്നിവ എല്ലാവരും   പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്ര നിർദ്ദേശങ്ങളനുസരിച്ചുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവിൽ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒമിക്രോൺ എന്ന് നാമകരണം ചെയ്ത ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

പുതിയ വൈറസിനെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് ഗുരുതരമായ കണ്ടെത്തലുകൾ വന്നിരിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക