Image

സംസാരിക്കാന്‍ അറിയാത്ത സാധനമാണോ മുഖ്യമന്ത്രിയെന്ന ചോദ്യവുമായി കെ. സുധാകരന്‍

ജോബിന്‍സ് Published on 26 November, 2021
സംസാരിക്കാന്‍ അറിയാത്ത സാധനമാണോ മുഖ്യമന്ത്രിയെന്ന ചോദ്യവുമായി കെ. സുധാകരന്‍
മോഫിയയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. 

സംസാരിക്കാന്‍ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രിയെന്ന പരാമര്‍ശവും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. 

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആലുവാ സി ഐ സുധീറിന് സസ്‌പെന്‍ഷന്‍!

ഇത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയം. തെരുവില്‍ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവര്‍ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

''അയാളെന്തിനാണാ കസേരയില്‍ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാന്‍ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?'' എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവര്‍ത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയര്‍ ഗ്യാസിനെയും പ്രതിരോധിച്ച് മൂവര്‍ണ്ണക്കൊടി ഉയര്‍ത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ് വര്‍ഗീസും കോണ്‍ഗ്രസിന്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്.

മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയില്‍ സമരം ചെയ്തവരുടെ പ്രതിനിധികളാണിവര്‍. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഊര്‍ജ്ജസ്വലതയും ഒത്തുചേരുന്ന കോണ്‍ഗ്രസിന്റെ പുതിയ സമരമുഖങ്ങള്‍.

പ്രതിക്ക് സംരക്ഷണ കവചമൊരുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകള്‍ കൊണ്ട് തിരുത്തിയ കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട സമരഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക