Image

കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജോബിന്‍സ് Published on 26 November, 2021
കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍ വച്ചു നടന്ന ഭരണഘടനാദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് പ്രധാനമന്ത്രി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുടുംബാധിപത്യത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. 

"രാഷ്ട്രീയത്തില്‍ അധികാരം ഏതെങ്കിലും കുടുംബത്തിന്റേതാവാന്‍ പാടില്ല. ജനാധിപത്യത്തിന് അത് അപകടകരമാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒന്നിലധികം ആളുകള്‍ ഒരു കുടുംബത്തില്‍ നിന്ന് രാഷ്ട്രീയരംഗത്ത് സജീവമാകുന്നത് കുടുംബാധിപത്യമാകില്ല. എന്നാല്‍ തലമുറകളായി ഒരു കുടുംബം അധികാരം കൈയ്യാളുന്ന അവസ്ഥ അപകടകരമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ സ്വഭാവം നഷ്ടമാകുമ്പോള്‍  ഭരണഘടനയുടെ ആത്മാവിനാണ് മുറിവേല്‍ക്കുന്നത്. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാര്‍ട്ടികള്‍ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കും. കുടുംബങ്ങള്‍ക്ക് വേണ്ടി കുടുംബങ്ങളാല്‍ നയിക്കപ്പെടുന്ന കുടുംബങ്ങളുടെ പാര്‍ട്ടികളാണ് ഇന്ത്യയില്‍ ചിലത്. രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. "

ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ള എന്നിവര്‍ ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. ഇന്ത്യന്‍ ഭരണഘടനയുടെ ഡിജിറ്റല്‍ പതിപ്പ് ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രകാശനം ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക