Image

സിഖുകാര്‍ക്കെതിരെ 'ഖലിസ്താനി' പരാമര്‍ശം; കങ്കണയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

Published on 23 November, 2021
 സിഖുകാര്‍ക്കെതിരെ 'ഖലിസ്താനി' പരാമര്‍ശം; കങ്കണയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്


മുംബൈ: സിഖ് മതവിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ പോലീസ് കേസ്. മുംബൈയിലെ സബര്‍ബന്‍ഘര്‍ പോലീസ് സ്റ്റേഷനിലാണ് കങ്കണയുടെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്തിരിക്കുന്നത്.  മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐ.പി.സി 295 എ വകുപ്പ് പ്രകാരമാണ് സിഖ് ഗുരുദ്വാര കമ്മറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കങ്കണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.  

കങ്കണ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് കേസിന് ആസ്പദം. പോസ്റ്റ് സിഖ് സമൂഹത്തെ മനപ്പൂര്‍വം അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സിഖ് ഗുരുദ്വാര കമ്മറ്റിക്ക് വേണ്ടി പരാതി നല്‍കിയ അമര്‍ജീത്ത് സിങ് സിദ്ദു പറഞ്ഞു. വിഷയത്തില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മറ്റി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ കണ്ടു. 

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. ''ഖലിസ്താനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖലിസ്താനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവന്‍തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത് ' എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക