Image

കരുത്താർജ്ജിക്കുന്നത് ക്രൂരതയുടെയും അനീതിയുടെയും പിന്നാമ്പുറങ്ങൾ - പ്രകാശൻ കരിവെള്ളൂർ

Published on 23 November, 2021
കരുത്താർജ്ജിക്കുന്നത് ക്രൂരതയുടെയും അനീതിയുടെയും പിന്നാമ്പുറങ്ങൾ  - പ്രകാശൻ കരിവെള്ളൂർ
 1984 ജനുവരി 21 ന് രാത്രിയിൽ ആലപ്പുഴയിൽ മാവേലിക്കരയ്ക്കടുത്ത്  ദേശീയ പാതയിൽ ഒരു ഫിലിം റെപ്രസൻറേറ്റീവ് ആയ ചാക്കോ എന്ന യുവാവ് രാത്രിയിൽ വാഹനമൊന്നും കാണാതെ ഒരു കാറിന് കൈ നീട്ടി. ലിഫ്റ്റ് കൊടുത്തവർ ഒരു കൊലപാതകം ആസൂത്രണം ചെയ്തിരിക്കുകയായിരുന്നു. ഗൾഫിൽ ഇൻഷൂറൻസ് എടുത്ത 30 ലക്ഷം രൂപ കിട്ടാൻ മരിച്ചു എന്ന സർട്ടിഫിക്കറ്റുണ്ടാക്കാൻ ഒന്നു രണ്ട് സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി നടക്കുന്ന സുകുമാരക്കുറുപ്പാണ് ആസൂത്രകൻ . ആദ്യം ആലോചിച്ചത് മെഡിക്കൽ കോളേജിലെ ശവമാണ്. കിട്ടാഞ്ഞപ്പോൾ പച്ച ജീവനെ തന്നെ ! മദ്യത്തിൽ ഉഗ്ര വിഷം കലർത്തി ബോധരഹിതനാക്കി ചാക്കോയെ ശ്വാസം മുട്ടിച്ച് കൊന്ന് വീട്ടിൽ കൊണ്ടു പോയി മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം കരിച്ച് തിരിച്ച് ഹൈവേയോരത്തെ കാറിലിട്ട് കാറടക്കം കത്തിച്ചു. സംഭവം നടന്ന് മാസങ്ങൾക്കുള്ളിൽ സാജൻ പിക്ചേർസ് പാപ്പനംകോട് ലക്ഷ്മണനെക്കൊണ്ട് തിരക്കഥയെഴുതിച്ച് ബേബിയെക്കൊണ്ട് സംവിധാനം ചെയ്യിച്ച് ഒരു സിനിമയിറക്കി - NH 47. അക്കാലത്തെ പാവം ക്രൂരനും ശാന്തൻ ഭീകരനുമായ ടീ ജീ രവിക്ക് നന്നായി ഇണങ്ങിയ വില്ലൻ വേഷം. നായക താരമായ സുകുമാരൻ ചാക്കോയ്ക്ക് പകരം റഹീം എന്ന മെഡിക്കൽ റപ്രസൻറേറ്റീവായി . നാട്ടിലെ നീതിന്യായത്തിനും പോലീസിനും ഇനിയും കണ്ടെത്താൻ കഴിയാത്ത പ്രതിയെ സിനിമ വെറുതേ വിട്ടില്ല. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ നോക്കിയ അയാളെ ജനക്കൂട്ടം ഓടിച്ചിട്ട് വളഞ്ഞ് എറിഞ്ഞും മർദ്ദിച്ചും കൊന്നു. ആരാണ് ഇത് ചെയ്തത് ? എന്ന് നിയമം കൈയിലെടുത്തതിനെ തിരെ പോലീസ് ചോദിക്കുമ്പോൾ ഞാൻ ഞാൻ എന്ന് അവിടെ കൂടിയ ഓരോരാളും പറയുന്നിടത്താണ് NH 47 അവസാനിക്കുന്നത്. 

കമേർഷ്യൽ സിനിമ തന്നെ. അന്നത്തെ ചേരുവകൾ മിതമായുണ്ട്. എന്നാൽ ഒരു സിനിമാത്തൊഴിലാളി കൊല്ലപ്പെട്ടതിലുള്ള അരിശവും പ്രതിഷേധവും ഉടനടി രേഖപ്പെടുത്തിയ നിലപാട് പോലുണ്ട് ആ സിനിമ . സിനിമാക്കാർക്കും വർഗബോധം എന്ന് നമുക്ക് ആഹ്ളാദിക്കാൻ ഇടകിട്ടിയ ഒരു സന്ദർഭം .

ഭാര്യയും മക്കളുമൊക്കെയുള്ള ഒരു മനുഷ്യൻ സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ വേണ്ടി ചെയ്തതല്ലേ എന്ന് അന്ന് കേരളത്തിലാരും ആ ചെയ്തിക്ക് കൂട്ടു നിന്നില്ല. നിരപരാധിയായ ഒരു യുവാവിനെ അയാളുടെ ഗർഭിണിയായ ഭാര്യയെ അനാഥയാക്കിക്കൊണ്ട് കൊന്നവനോടുളള ഉപാധിയില്ലാത്ത അമർഷം മറയില്ലാതെ രേഖപ്പെടുത്തി എന്നതാണ് NH 47 എന്ന 1984 ലെ സിനിമയുടെ പ്രസക്തി. യഥാർത്ഥ സംഭവത്തിലെ ചാക്കോ - സുകുമാരക്കുറുപ്പ് - സിനിമയിലെ റഹീം - സുധാകരപ്പിള്ള . സംഗതി വർഗീയമാവാൻ അന്ന് സാധ്യതയില്ല. എന്നിട്ടും സിനിമ മുൻകൈ എടുത്തു. കഥ ആവശ്യപ്പെടുന്നില്ലെങ്കിലും ഒരു മതേതര പശ്ചാത്തലം സിനിമയ്ക്കുണ്ട്. 

എന്നാൽ 37 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ജിതിൻ കെ ജോസ് കഥയും കെ എസ് അരവിന്ദ് തിരക്കഥയും ഡാനിയൽ സായൂജ് നായർ സംഭാഷണവുമെഴുതി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിൽ എന്താണ് സംഭവിക്കുന്നത് ?
നാല് പതിറ്റാണ്ടുകൾ കൊണ്ട് നമ്മുടെ സിനിമ  അഭിനയം, സാങ്കേതിക ത എന്നിവയിൽ കൈ വരിച്ച മേന്മകൾ ആവിഷ്കാരത്തെ മെച്ചപ്പെടുത്തി എന്ന ഒറ്റക്കാര്യമൊഴിച്ചാൽ ഗുരുതരവും അപായകരവുമായ മനോഭാവങ്ങളാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് ഒളിച്ചു കടത്തുന്നത്. മോഹന്റെ
ഒരു കഥ ഒരു നുണക്കഥയിലെ നുണയനായ നെടുമുടി വേണുവിനെ തമാശയിൽ നിന്ന് സിനിമ  ഒരു ഘട്ടം കഴിഞ്ഞ് വില്ലത്തരത്തിലേക്ക് കൊണ്ടു വരുന്നുണ്ട്. ഇതിന്റെ വികല വികൃതാനുകരണമായ കിങ് ലെയറിൽ ദിലീപിന്റെ പെരും നുണയനെ തീരെ വില്ലനാക്കിയില്ല ആ സിനിമ . സ്വന്തം അച്ഛനും അമ്മയും അമ്മാവനും പെരുങ്കള്ളനെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ഗോപീകൃഷ്ണക്കുറുപ്പായി ഇളമുറനായകൻ ദുൽഖർ സൽമാൻ വേഷമിട്ടപ്പോൾ  അയാളുടെ തെമ്മാടിത്തങ്ങളും പോക്കിരിത്തരങ്ങളും കബളിപ്പിക്കലുകളും ക്രൂരമായ വഞ്ചനകളും ഔദ്യോഗിക ദുർവിനിയോഗവും ആൾമാറാട്ടവുമൊന്നും  പ്രണയിനിയായ ഭാര്യയ്ക്ക് പോലും സ്വീകാര്യമാവുന്ന വിധത്തിലായി പരിണമിച്ചു. പ്രതിയായ നായകനെ മഹാനായി വാഴ്ത്താൻ സിനിമ ശ്രമിച്ചില്ലെങ്കിലും അയാളുടെ ചെയ്തികളിൽ പ്രേക്ഷകർക്ക് അത്ര വലിയ തെറ്റ് കുറ്റങ്ങൾ തോന്നിക്കൂടാത്ത വിധമാണ് സിനിമ മൊത്തം കൈകാര്യം ചെയ്തിരിക്കുന്നത്. അതിന് സൗകര്യമൊരുക്കാൻ മാത്രമാണ് ഷൈൻ ടോം ചാക്കോയുടെ അളിയൻ കഥാപാത്രത്തെ ഇങ്ങനെയൊരു ശരീര ഭാഷയിലും വില്ലത്തരത്തിലും ചിത്രീകരിച്ചത്. ദൃശ്യത്തിലെ ജോർജ് കുട്ടിയും പോലീസുകാരനും വേഷങ്ങൾ മോഹൻലാലും ഷാജോണും പരസ്പരം വച്ചു മാറിയിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി എന്ന് ചോദിച്ചത് പോലെ ദുൽഖറും ഷൈൻ ടോം ചാക്കോയും പരസ്പരം റോള് മാറിയാൽ ? അതായിരുന്നു സുകുമാരക്കുറുപ്പിന്റെ അധാർമികതകൾക്കെതിരെ മലയാളികളെ ധാർമികമായി താദാത്മ്യം നേടുന്നതിന് പ്രാപ്തരാക്കാൻ സിനിമ ചെയ്യേണ്ടിയിരുന്നത്. 
ഒരു സംശയവും വേണ്ട , കൊടും കുറ്റവാളികൾ എന്നുറപ്പുള്ള ആരുടെ ചരിത്രം പൊക്കിക്കൊണ്ടു വന്ന് സിനിമയാക്കിയാൻ ഏറ്റെടുക്കാൻ തയ്യാറുള്ള ഒരു ശരാശരി മലയാളി റെഡിയായി നിൽപ്പുണ്ട് മിക്ക മലയാളികളിലും . കുറ്റവാളികൾക്ക് സിനിമാ പരിചരണം ലഭിച്ചു കൂടാ എന്നൊന്നുമല്ല വാദിക്കുന്നത്. ഒരു കുറ്റവാളിയെ രൂപപ്പെടുത്തുന്ന കുടുംബ - സാമൂഹിക-തൊഴിൽ വ്യവസ്ഥയുടെ അപഗ്രഥനം. തുടക്കത്തിലെ എയർ ഫോർ സ് ക്യാമ്പ് അങ്ങനെയൊരു പ്രതീക്ഷ നൽകിയിരുന്നു . എന്നാൽ ഒരു ഉത്തരവാദിത്വവുമില്ലാതെ കഥാപാത്രത്തെ അലസമായി വിട്ട് നടനെ വിലസാൻ വിട്ടതിന്റെ ദുരന്തം കുറുപ്പിന്മേൽ ചാർത്തുന്നത് ഒഴിവാകാൻ നിവൃത്തിയില്ലാത്ത ഒരു കുറ്റകൃത്യമാണ്. ചുരുളി കണ്ടാൽ കുട്ടികൾ തെറി പറയുന്നത് അന്തസ്സാണെന്ന് കരുതുമെങ്കിൽ കുറുപ്പ് കണ്ടാൽ ഇളം പ്രായക്കാർ ദുൽഖർ സൽമാൻ ചെയ്തു പോലൊക്കെ ചെയ്യാൻ പുറപ്പെടും എന്ന് ആരെങ്കിലും ആരോപിച്ചാൽ എന്താ തെറ്റ് ? എന്ന് ഇന്നലെ എന്നോട് ഒരു സുഹൃത്ത് ചോദിച്ചു. 
സിനിമ രോഗമല്ല - രോഗലക്ഷണമാണ്. തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ട നീതി ബോധവും സത്യസന്ധതയും . കേരളീയതയുടെ പൊതുമനോഭാവത്തിൽ അത് ഭീമമായ തോതിൽ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ആവിഷ്കാരപരമായി നേടിയ ഔന്നത്യങ്ങൾ ആസ്വാദനത്തെയും ഉയർത്തുന്നുണ്ടാവാം. എന്നാൽ ആന്തരികമായി കേരളം ഇരുട്ട് നിറഞ്ഞൊരു ചളിക്കുണ്ടിലാണ് എന്ന് പേടിക്കുക തന്നെ വേണം ഇത്തരം ലക്ഷണങ്ങളെ മുൻ നിർത്തി. എന്റർടെയിൻമെന്റ് എന്റർടെയിന്റ്മെന്റ് ആവുന്നു. (ടെയിന്റ് - വിഷം )
കരുത്താർജ്ജിക്കുന്നത് ക്രൂരതയുടെയും അനീതിയുടെയും പിന്നാമ്പുറങ്ങൾ  - പ്രകാശൻ കരിവെള്ളൂർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക