Image

മോഡലുകളുടെ മരണം ; ഹാര്‍ഡ് ഡിസ്‌കിലെന്ത് അന്വേഷണം പുരോഗമിക്കുന്നു

ജോബിന്‍സ് Published on 23 November, 2021
മോഡലുകളുടെ മരണം ; ഹാര്‍ഡ് ഡിസ്‌കിലെന്ത് അന്വേഷണം പുരോഗമിക്കുന്നു
മുന്‍ മിസ് കേരളയും മിസ് കേരള റണ്ണേഴ്‌സപ്പുമായ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഇപ്പോള്‍ ഹാര്‍ഡ് ഡിസ്‌കാണ് ചര്‍ച്ചാ വിഷയം. അപകടം നടക്കുന്നതിന് മുമ്പ് മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന് പറയുന്ന കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണിത്. 

അപകടം നടന്നെന്ന് അറിഞ്ഞയുടന്‍ ഹോട്ടലുടമ റോയിയും ജീവനക്കാരും ചേര്‍ന്ന്
ഈ ഹാര്‍ഡ് ഡിസ്‌ക് അഴിച്ചുമാറ്റുകയും കായലില്‍ വലിച്ചെറിയുകയുമായിരുന്നു. ഇതോടെയാണ് ഇതിലെ രഹസ്യം തപ്പി പോലീസ് ഇറങ്ങിയത്. സമൂഹത്തില്‍ ഉന്നത പദവി അലങ്കരിക്കുന്ന എതെങ്കിലും വിഐപി ഈ സമയം ഹോട്ടലിലുണ്ടായിരുന്നോ എന്നാണ് പ്രധാന ചോദ്യം. 

ഇതൊളിപ്പിക്കാനാണോ അതോ ഹോട്ടിലിലെ പാര്‍ട്ടിക്കിടെ ലഹരിമരുന്നുപയോഗമോ അല്ലെങ്കില്‍ മോഡലുകളുമായി വാക്കുതര്‍ക്കങ്ങളോ മറ്റൊ ഉണ്ടായിരുന്നോ എന്നും പേലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുന്നതിനായി പോലീസ് അശ്രാന്ത പരിശ്രമത്തിലാണ്. 

ഇന്നലെ പകല്‍ മുഴുവന്‍ സ്‌കൂബ ഡൈവേഴ്‌സിനെ ഉപയോഗിച്ച് കായലില്‍ തെരഞ്ഞിരുന്നു. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍ , മെല്‍വിന്‍ എന്നിവരുമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഇത് കണ്ടെത്തിയാല്‍ മാത്രമെ കേസിന് കോടതിയിലും ബലമുണ്ടാകൂ. ഇനി ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഏതെങ്കിലും വിഐപികളാണെങ്കില്‍ പോലീസിനുമേല്‍ മറ്റെന്തെങ്കിലും സമ്മര്‍ദ്ദങ്ങലുണ്ടാകുമോ എന്ന സംശയവും പൊതു സമൂഹത്തിനുണ്ട്. 

നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക