Image

മോഡലുകളുടെ മരണം ; മറ്റൊരു വാഹനവും സംശയ നിഴലില്‍

ജോബിന്‍സ് Published on 21 November, 2021
മോഡലുകളുടെ മരണം ; മറ്റൊരു വാഹനവും സംശയ നിഴലില്‍
കൊച്ചിയില്‍ മുന്‍ മിസ് കേരള അന്‍സി കബീറും മുന്‍ മിസ് കേരള റണ്ണേഴ്‌സ് അപ്പ് അഞ്ജന ഷാജിയും കൊല്ലപ്പെട്ട കാറപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലുകളെ അപകടത്തിന് മുമ്പുള്ള ദിവസങ്ങളിലും മറ്റൊരു വാഹനം പിന്തുടര്‍ന്നിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന് മുമ്പില്‍ ഇതേ വാഹനം എത്തിയിരുന്നു എന്നും വിവരമുണ്ട്. 

ഈ വാഹനം കണ്ട് ഭയന്നാണോ മോഡലുകള്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി അമിത വേഗതയില്‍ പോയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സൈജു തങ്കച്ചന്‍ എന്ന വ്യക്തിയുടെ വാഹനം മോഡലുകളെ സംഭവ ദിവസം പിന്തുടര്‍ന്നിരുന്നു. ഇതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. മുമ്പുള്ള ദിവസങ്ങളിലും പിന്തുടര്‍ന്നത് ഈ വാഹനമാണോ അതോ മറ്റേതെങ്കിലും വാഹനമാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്. 

തൃശൂര്‍ കൊടകരയ്ക്ക് സമീപം അഞ്ജനയുടെ കാറിനെ മറ്റൊരുവാഹനം പിന്തുടരുന്നത് നേരത്തെ കണ്ടിരുന്നു  എന്ന് തൃശൂരിലെ ഒരു ത്രിതല പഞ്ചായത്ത് പ്രതിനിധിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. അഞ്ജന തൃശൂര്‍ സ്വദേശിയാണ്. മിസ് കേരള പട്ടം നേടിയ അന്‍സി കബീറിനെയും ഈ വാഹനം നേരത്തെ പിന്തുടര്‍ന്നിട്ടുണ്ട്. ഈ വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമയും ജീവനക്കാരും ചേര്‍ന്ന് നശിപ്പിച്ചിരുന്നു. സംശയിക്കപ്പെടുന്ന വാഹനം അന്നേ ദിവസം ഹോട്ടലിലെത്തിയിട്ടുണ്ടോ എന്ന് അറിയേണ്ടത് ഈ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ്. തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഹോട്ടലുടമ റോയിക്കും ജീവനക്കാര്‍ക്കും കോടതി ജാമ്യം അനുവദിച്ചതിനാല്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനോ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കുന്നതിനായി തെളിവെടുപ്പ് നടത്താനോ പോലീസിന് സാധിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക