Image

മഹാമാരികാലത്ത് സാബു കഥ എഴുതുമ്പോൾ ( കഥയിടങ്ങൾ: ഡോ. അജയ് നാരായണൻ)

Published on 21 November, 2021
മഹാമാരികാലത്ത് സാബു കഥ എഴുതുമ്പോൾ ( കഥയിടങ്ങൾ: ഡോ. അജയ് നാരായണൻ)
കെ. വി. സാബു എന്ന എഴുത്തുകാരൻ കഥാലോകത്തെ പിന്നാമ്പുറത്തിരുന്നു കൊച്ചുകൊച്ചു കഥകൾ മൊഴിയുമ്പോൾ ഒരു വായനക്കാരൻ അത്ഭുതംകൂറും, എവിടെയായിരുന്നു ഇതുവരെ എന്നും ചോദിക്കും.

സാബു ഇവിടെത്തന്നെ ഉണ്ടായിരുന്നു. കവിതകളും നോവലുകളും കഥകളുമായി ഒരു നിഷ്കളങ്കഭാവത്തിൽ, ഞാൻ ഈ നാട്ടുകാരനേയല്ല എന്ന ഭാവത്തിൽ ഇരിക്കുന്നതും കാണാം.
സാബുവിന്റെ കഥകളിൽ, കഥാഖ്യാനശൈലിയിൽ നിഷ്കളങ്കഭാവം മുന്നിട്ടുനിൽക്കുമെങ്കിലും ആഴങ്ങളിലേക്ക് ചെന്നാൽ കൃത്യമായ നിരീക്ഷണം, വിമർശനം, സാമൂഹികപ്രതിബദ്ധത എല്ലാം, തൈര് കടയുമ്പോൾ വെണ്ണ ഊറിവരുമ്പോലെയങ്ങുവരും. അതാണീ കഥകളുടെ പ്രത്യേകത.

കഥാകൃത്ത് ഈ സമാഹാരത്തിലൂടെ ഒന്നും അവകാശപ്പെടുന്നില്ല. പക്ഷേ, വായനക്കാരന്റെ ഹൃദയത്തിലേക്കും ബോധമണ്ഡലത്തിലേക്കും നിലയ്ക്കാത്ത അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും ഈ കഥകൾ. പതിന്നാലു കഥകൾ ഒരായിരം അനുഭവങ്ങളെന്നു തോന്നാം. കഥകൾക്കനുബന്ധമായി കഥ കട്ട വഴിയേക്കുറിച്ചും സാബു പറയുന്നതും ഒരു നാടൻശൈലിയിൽ തന്നെ!

കഥ തുടങ്ങുന്നത് അയാളിൽ നിന്നും. കഥ പറഞ്ഞുതീർക്കുന്നത് പുഴയിലും. ഈ രണ്ടു കഥകളും ഒരു അന്വേഷണമാണ്. ഉത്തരം തേടിയുള്ള, ആശ്രയം തിരഞ്ഞുള്ള മനുഷ്യന്റെ തീരായാത്ര തന്നെ. അയാളിലെ അയാളെ നമുക്കറിയാം, യൂഗോയുടെ ജീൻ വാൽ ജീൻ. വിളക്കു മോഷ്ടിച്ച ജീൻ! വിരലുകളറ്റ ജീൻ എന്ന അയാളെ കാണിച്ചുതരുന്നു മാധ്യമപ്രവർത്തകനായ “ഞാൻ”. ഞാനും അയാളും തമ്മിലുള്ള നിരന്തര സംവാദത്തിന്നൊടുവിൽ, ബിഷപ്പിന്റെ വിളക്കുംകാൽ മോഷ്ടിച്ചവൻ ആ വിളക്കുംകാലിനു സ്വന്തം വിരലുകൾ നൽകി തിരി കൊളുത്തി, പ്രകാശമായി പരിണമിച്ചു.

യൂഗോയെ, ജീനെ, നമ്മെ തിരഞ്ഞു നമ്മൾ എങ്ങോട്ടും പോകേണ്ട. ഒരു കൊച്ചുകഥയിലൂടെ പാവങ്ങൾ എന്ന മഹത്തായ ഇതിഹാസത്തിനു തന്റെതായ വ്യാഖ്യാനംകൊടുത്തു ഞെട്ടിക്കുന്നു സാബു. ഒരു കാലഘട്ടത്തിന്റെ ദാരിദ്ര്യം എന്ന സാമൂഹികവ്യഥയെ കാലികമാക്കി മാറ്റി ഈ കഥയിലൂടെ, അയാൾ എന്ന കഥയിലൂടെ സാബു.

ഇനി പുഴയിലേക്ക് പോയാലോ, ‘കടം കേറി മുടിഞ്ഞപ്പോൾ പടമാകാൻ’ തീരുമാനിച്ച ഒരാൾ ഉത്തരമില്ലാതെ ഉത്തരത്തിൽ തൂങ്ങി, ഉത്തരം ചതിച്ചു. മരണത്തിൽ നിന്നും രക്ഷപെട്ട നായകൻ കണ്ടു, ഒരു പുഴയെ, നായികയെ, പ്രതീക്ഷയെ!
മഞ്ചാടിമണികൾകൊണ്ടു കുടം നിറയ്ക്കുന്ന വിദ്യ ഈ എഴുത്തുകാരന് നല്ലത്പോലെ അറിയാം.

ഇനിയുമുണ്ട് കഥകൾ… മരം മരക്കുരിശാവുന്ന ‘രൂപാന്തരം’, കൂട്ടാത്തിനൊന്നുമില്ലെങ്കിലും പണിക്കുപോകാത്ത കെട്ടിയവന്റെയൊപ്പം കഴിയുന്ന പെണ്ണിന്റെ ഗതികേടിൽ ഒഴുകുന്ന ‘ആഴ്ചവട്ടം’, നിർഭയയെന്ന പ്രതീകത്തിന്റെ ‘പേടി’ അങ്ങനെ കഥകൾ ഒഴുകുന്നു. ഇതിലെല്ലാം വിരിയുന്ന വികാരങ്ങൾ, അവസ്ഥകൾ, ദുരന്തങ്ങൾ എല്ലാം മനുഷ്യനിർമ്മിതം തന്നെ.

ഈച്ചയും പൂച്ചയും തമ്മിലുള്ള ഒളിച്ചുകളിയിൽ കാണുന്ന രാഷ്ട്രീയം ഞെട്ടിപ്പിക്കും. ഇത്‌ നോക്കൂ, “ഈച്ചയുടെ മൃതദേഹം പരത്തി പരിശോധിച്ചപ്പോൾ, ഈച്ച വെറുമൊരീച്ചയല്ലെന്നും, ചത്തത് പൊന്നീച്ചയാണെന്നും മനസ്സിലായ്”. വീട്ടിലെ ഒരംഗമായ പൂച്ചയുടെ കൂർത്തനഖങ്ങൾ ഒരുപാടുകാര്യങ്ങൾ വിളിച്ചുപറയുന്നുണ്ട്. ഇതൊരു ആഭ്യന്തര രാഷ്ട്രീയം പറയുമ്പോൾ “ആമയും മുയലും” സമൂഹത്തിലേക്കും രാഷ്ട്രീയത്തിന്റെ, അധികാരത്തിന്റെ കാപട്യത്തിലേക്കും പടരുന്നു. ഇതിലെ സംഭാഷണങ്ങൾക്ക് പലേ രാഷ്ട്രീയമാനങ്ങളുണ്ട്. നമ്മൾ ഇതേവരെ കേട്ടിട്ടുള്ള ആമയ്ക്കും മുയലിനും പലേ മുഖങ്ങൾ ചാർത്തിക്കൊടുക്കുന്നുണ്ട് കഥാകാരൻ.
“ഞാൻ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാറില്ല. ആവശ്യമില്ലാതെ കൈകാലുകൾ ചലിപ്പിക്കാറുമില്ല”, എന്നാണ് ആമയുടെ ഭാഷ്യം! ഇനി മത്സരത്തിൽ തോറ്റുപോയ മുയലോ, “ആ മത്സരമൊരു ജനാധിപത്യപരമായ മത്സരമായിരുന്നില്ലെന്നും, ഞാൻ ആമയോട് മത്സരിച്ചു ജയിക്കേണ്ടവനല്ലെന്നുമാണ് എന്റെ നിലപാട് “ എന്നു വ്യക്തമായി പറയുന്നു. നമുക്കുചുറ്റും കാണുന്ന രാഷ്ട്രീയനേതാക്കളുടെ തനി ഭാഷയാണിതെല്ലാം.

ഇനിയും പറയാനേറെയുണ്ട്. ഈ കഥകളുടെ പ്രത്യേകത, ഇവയുടെ ആന്തരാർത്ഥങ്ങളും ബാഹ്യാർത്ഥങ്ങളും വാച്യാർത്ഥങ്ങളുമാണ്. ബാഹ്യമായത് രസകരമെങ്കിൽ ആന്തരമായത് ചിന്തനീയം. ഭാഷാപരമായി ഒരു പ്രത്യേകരീതിയിൽ തന്നെ കഥ പറഞ്ഞുപോകുന്ന സാബു സ്വന്തം കയ്യൊപ്പ് ഓരോ കഥയിലും ചാർത്തുന്നു.
ചില പ്രയോഗങ്ങൾ കൗതുകകരമായിത്തോന്നി.
“ഞാനെന്റെ ബ്രെയിനോട്‌ ചോദിച്ചു വിഷയം മാറ്റി, പുഴയുടെ മധുരം ഉപ്പായി രൂപാന്തരപ്പെട്ടിരിക്കുന്നു, മൂക്കിലു വന്നിരുന്നത് ഈച്ച മൂക്കറ്റം തേൻ പകരാനോ…” അങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഈ കഥകളിൽ കാണാം. കൗതുകം നിറഞ്ഞ മറ്റൊന്ന്, ചില പദപ്രയോഗങ്ങളാണ്, “പ്രവർത്തിക്ക്യാൻ, ഉദ്ദേശ്യമില്ല്യാ, പാര്യതന്ത്രം…”, അങ്ങനെ ഗ്രാമ്യമെന്നു പറയാവുന്ന ചില പ്രയോഗങ്ങൾ രസകരമാണ്.

ഇങ്ങനെ ഏതുരീതിയിൽ നോക്കിയാലും കോവിഡ് കാലത്തെ സാബുവിന്റെ കഥകൾ ഒരു സദ്യ തന്നെ. കഥകളുടെ കഥനരീതിയും തെരഞ്ഞെടുത്ത വിഷയങ്ങളും പ്രയോഗചാതുരിയും ഒരു കയ്യൊതുക്കമുള്ള ആധുനിക സാഹിത്യകാരന്റെ രീതിയാണെന്ന് ഉറപ്പിച്ചുപറയാം.

സാബുവിന്റെ കഥകൾ വായിക്കപ്പെടട്ടെ. ഞാനും ചേർത്തുവയ്ക്കുന്നു ഈ കഥകൾ.
മഹാമാരികാലത്ത് സാബു കഥ എഴുതുമ്പോൾ ( കഥയിടങ്ങൾ: ഡോ. അജയ് നാരായണൻ)
മഹാമാരികാലത്ത് സാബു കഥ എഴുതുമ്പോൾ ( കഥയിടങ്ങൾ: ഡോ. അജയ് നാരായണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക