Image

മോഡലുകളുടെ മരണം ; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടി

ജോബിന്‍സ് Published on 20 November, 2021
മോഡലുകളുടെ മരണം ; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടി
ഇനിയും ദുരൂഹതകളുടെ കെട്ടുകള്‍ അഴിയാത്ത കേസാണ് മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണേഴ്‌സ് അപ്പ് അഞ്ജന ഷാജനും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ച വാഹനാപകടം. മരണകാരണം അപകടമാണെന്നു പോലീസ് സ്ഥിരീകരിച്ചെങ്കിലും ഇതിന്റെ പിന്നാമ്പുറ കഥകള്‍ കൂടുതല്‍ ദുരൂഹത ജനിപ്പിക്കുന്നതാണ്. 

അപകടത്തിന് മുന്‍പ് മോഡലുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമ റോയിയും ജീവനക്കാരും ചേര്‍ന്ന് ഒളിപ്പിച്ചതും നശിപ്പിക്കാന്‍ ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കാരണം. സൈജു എന്നയാള്‍ മോഡലുകളെ പിന്തുടര്‍ന്നിരുന്നു എന്നതും മോഡലുകളുടെ വാഹനമോടിച്ചയാള്‍ മദ്യപിച്ചിരുന്നു എന്നതും പോലീസിന്റെ സംശയം ഇരട്ടിയാക്കി. 

ഹോട്ടലില്‍ വെച്ച് മോഡലുകള്‍ക്ക് ദുരുദ്ദേശ്യത്തോടെ മദ്യവും മയക്കുമരുന്നും നല്‍കിയെന്നും ഹോട്ടലുടമയുടേയും സൈജുവിന്റെയും ഉദ്ദേശ്യത്തിന് ഇവര്‍ വഴങ്ങാതെ വരുകയും ഇവര്‍ തമ്മില്‍ കശപിശയുണ്ടാവുകയും ചെയ്‌തെന്നും ഇതേ തുടര്‍ന്നാണ് ഇവര്‍ ഹോട്ടലില്‍ നിന്നും അമിത വേഗതയില്‍ വാഹനമോടിച്ച് പോയതെന്നും ഹോട്ടലുടമ റോയിയുടെ ആളായ സൈജു ഇവരെ പിന്തുടര്‍ന്നെന്നും ഇതും അമിതവേഗതയില്‍ പോകാന്‍ കാരണമായി അപകടത്തിലേയ്ക്ക് നയിച്ചെന്നുമാണ് പോലീസ് കണ്ടെത്തല്‍.

എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത റോയി അടക്കം ആറു പേര്‍ക്കും ജാമ്യം ലഭിച്ചതാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ തടസ്സമായിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള പോലീസിന്റെ ശ്രമവും ഇതോടെ പരാജയപ്പെട്ടു. 

സാധാരണ ഗതിയില്‍ പോലീസ് വ്യക്തമായ കാരണം കാട്ടി കസ്റ്റഡി ആവശ്യപ്പെടുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാറില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഹാര്‍ഡ് ഡിസ്‌ക് പ്രതികള്‍ കായലില്‍ എറിഞ്ഞെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചത് വിചാരണ വേളയിലും തിരിച്ചടിയായേക്കും. 

ജാമ്യ ഉത്തരവ് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് കോടതി നിര്‍ദ്ദേശവുമുണ്ട്. തെളിവ് നശിപ്പിച്ചു എന്നു കണ്ടെത്തിയിട്ടും റോയിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോലും ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. അറസ്റ്റിന് ശേഷം 24 മണിക്കൂറിനുള്ളില്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കരുക്കള്‍ നീക്കിയതാരാണെന്നതാണ് ഉയരുന്ന ചോദ്യം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക