Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 19 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തുടരുന്ന സമരം അവസാനപ്പിക്കണമെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. ഗുരുനാനാക്ക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദി നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. 
*****************
അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വച്ചു. 2017 ലെ ആഷസ് പരമ്പരയ്ക്കിടയില്‍ സഹപ്രവര്‍ത്തകയ്ക്ക് സ്വന്തം നഗ്ന ചിത്രങ്ങളും ലൈംഗീകച്ചുവയുള്ള സന്ദേശങ്ങളും അയച്ചെന്നായിരുന്നു ആരോപണം. അന്താരാഷ്ട്ര സ്പോര്‍ട്സ് മാധ്യമമായ ഹൊറാള്‍ഡ് സണ്ണായിരുന്നു ആരോപണം സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
**********************
കേരളത്തില്‍ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും ഭീകര വാദത്തിനു ഇരയാവുന്ന സാഹചര്യമാണ് കേരളത്തിലെന്നും പോലീസ് അക്രമികളെ കയര്‍ ഊരി വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വീട്  സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍. 
********************
മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍  ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസ്. അപകടത്തിന് മുമ്പ് മോഡലുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ട് അന്‍സിക്കും സുഹൃത്തുക്കള്‍ക്കും ദുരുദ്ദേശ്യത്തോടെ മദ്യവും മയക്കുമരുന്നും നല്‍കിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.
************************
രാജ്യത്തെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകരുടെ സത്യാഗ്രഹത്തിന് മുന്നില്‍ അഹങ്കാരം തല കുനിച്ചു എന്ന് രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
*******************************
കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞ് വീണ് 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് ദുരന്തമുണ്ടായത്. ചാലാര്‍ നദിക്കരയിലെ വീടാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ ഇവിടെ തുടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
*************************
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ അക്രമികള്‍ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അന്വേഷണ സംഘത്തിന് കാറിന്റെ നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കിലും, നിലവില്‍ ചിത്രം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും, രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നുമാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
*************************
പിങ്ക് പോലീസ് കുട്ടിയെ വിചാരണ ചെയ്ത സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.  പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണിനെ കുറിച്ച് ചോദിച്ചതെന്നു കോടതി. ഈ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക