Image

കര്‍ഷകര്‍ക്കൊപ്പം നിന്നത് കോണ്‍ഗ്രസ് മാത്രമെന്ന് കെ. സുധാകരന്‍

ജോബിന്‍സ് Published on 19 November, 2021
കര്‍ഷകര്‍ക്കൊപ്പം നിന്നത് കോണ്‍ഗ്രസ് മാത്രമെന്ന് കെ. സുധാകരന്‍
രാജ്യത്തെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കര്‍ഷകര്‍ക്കൊപ്പം ആദ്യാവസാനം നിന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്നും ട്രാക്റ്റര്‍ റാലി നയിച്ചത് സാക്ഷാല്‍ രാഹുല്‍ ഗാന്ധി ആണെന്നും സുധാകരന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലായിരുന്നു കെ. സുധാകരന്റെ അവകാശവാദങ്ങള്‍

കെ. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കര്‍ഷകര്‍ക്കൊപ്പം ആദ്യാവസാനം നിന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. ട്രാക്റ്റര്‍ റാലി നയിച്ചത് സാക്ഷാല്‍ രാഹുല്‍ ഗാന്ധി ആണ്.

സമരഭൂമിയില്‍ സഹായഹസ്തവുമായി നിന്നത് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമരോത്സുക യൗവ്വനം ബി വി ശ്രീനിവാസും അദ്ദേഹത്തിന്റെ ചുണക്കുട്ടികളുമാണ്.

2021 ജനുവരി 14 ന് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസ് വിരുദ്ധത തലച്ചോറില്‍ പേറുന്നവരെ ഓര്‍മപ്പെടുത്തുന്നു. ''എന്റെ വാക്കുകള്‍ കുറിച്ചു വെച്ചോളൂ ... ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.'' ആ വാക്കുകളാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇങ്ങനെ ചിറകുവിരിച്ച്, കര്‍ഷകരടക്കമുള്ള ഗ്രാമീണ ജനതയ്ക്ക് തണലായി നില്‍ക്കുമ്പോള്‍ നരേന്ദ്രമോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകര്‍ക്കാനാവില്ല.സകല യാതനകളും സംഘപരിവാറിന്റെ കുപ്രചാരണങ്ങളും സഹിച്ചാണ് കര്‍ഷകര്‍ ആ സമരഭൂവില്‍ കഴിഞ്ഞത്. മോദിയെ മുട്ടുകുത്തിച്ച കര്‍ഷകര്‍ക്കും കോണ്‍ഗ്രസിന്റെ സമരഭടന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക