Image

കോവാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടനും

ജോബിന്‍സ് Published on 09 November, 2021
കോവാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടനും
ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സീന് ബ്രിട്ടനും അംഗീകാരം നല്‍കി. ലോകാരോഗ്യ സംഘടന വാക്‌സിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. അമേരിക്കയും കൊവാക്‌സീന്‍ അംഗീകരിച്ചിട്ടുണ്ട്. ബ്രിട്ടന്റെ അംഗീകൃത വാക്‌സീനുകളുടെ പട്ടികയില്‍ കൊവാക്‌സീനെ ഉള്‍പ്പെടുത്തി. ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. 

കൊവാക്‌സീന്‍ എടുത്തവര്‍ക്ക് ഈമാസം 22 മുതല്‍ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡുമായി ചേര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. 

കോവീഷീല്‍ഡിന് ബ്രിട്ടന്‍ അനുമതി നല്‍കിയെങ്കിലും ഇന്ത്യ നല്‍കുന്ന വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ബ്രിട്ടന്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്നും എത്തുന്നവര്‍ക്ക് ഇന്ത്യ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇതിനുശേഷമാണ് ബ്രിട്ടന്‍ ഇന്ത്യയുടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കോവാക്‌സിന്റെ കാര്യത്തില്‍ വളരെ വേഗത്തിലുള്ള തീരുമാനമാണ് ബ്രിട്ടന്‍ എടുത്തിരിക്കുന്നത്. 

കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസമിതി, പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലോകാരോഗ്യ സംഘടന നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക