Image

ദൈവത്തിന് ഒപ്പീസ് (സബി-കവിത)

Published on 07 November, 2021
ദൈവത്തിന് ഒപ്പീസ് (സബി-കവിത)

വിശ്വാസങ്ങളിൽ
പിറന്നവനെ, നീ
നേരിന്റെ പടവുകൾ
കൊത്തിയവനല്ലേ
എന്നിട്ടും പലർക്കും പാതയിൽ
മുള്ളു വിരിച്ചതെന്തിനെ?

എന്റെ ചൂണ്ടയിൽ
കൊത്താനാഞ്ഞ
മീനിനെവലയിൽ
കുരുക്കികൊടുത്ത്
നീ തിട്ടൂരം വാങ്ങിയോ
എന്റെ കല്ലേറുകൊള്ളാതെ
നോക്കിചിരിച്ച മാങ്ങയെ
വവ്വാലിനും കിളികൾക്കുമേകി
ഞാൻ നട്ടചെടിയെ
കീടങ്ങൾക്ക് കൊടുത്ത്
നീ തോൽപ്പിച്ചില്ലേയെന്നെ

കുത്തനെയുള്ള പാറക്കെട്ടിൽ
കയറിയിരുന്നു എല്ലാവരെയും
വിയർപ്പിൽ തെളിച്ചു
മലകേറ്റിയില്ലേ
എന്നെനോക്കി
ഊറിചിരിച്ചുകൊണ്ട്
കായൽപരപ്പിൽ
കാണാമെന്നുപറഞ്ഞിട്ട്,
പച്ചമരക്കാടിന്റെ
വന്യതയിൽ പെറ്റുവീണ
തള്ളചത്ത ആനകുട്ടിയെ
കളിപ്പിക്കാൻപോയി

വടക്കോട്ടെക്കെന്ന്
കൈനീട്ടികാണിച്ചു
കിഴക്കോട്ടുപോകും

മലകേറിതളർന്നവരെ
നീ പറ്റിച്ചുവല്ലേ
നിനക്കായ് സ്തോത്രങ്ങളും
ഗീതങ്ങളും
പാചകംവരെ ചെയ്യിപ്പിച്ചു..
അപ്പോൾ
ലോറിയിൽ അടുക്കി നിരയിട്ട
അറവുകാളയുടെ കണ്ണിൽ
പച്ചമുളകുതിരുകിയ
പാണ്ടിയെകുരുക്കാൻ
നീ ക്യാമറതൂക്കി
പോയിരിക്കുകയായിരുന്നു,
വരുംവഴിയല്ലേ ആശുപത്രി
കുപ്പത്തൊട്ടിയിൽ നിന്ന്
അരക്കുതളർന്ന
ഒന്നിനെയെടുത്ത്
പച്ചവയറുള്ള
ഒരുവളെ ഏൽപ്പിച്ചത്

കാത്തിരുന്നവരുടെ
ഇടയിൽ വന്നില്ല നീ,
വഴിയിൽ പതുങ്ങി
എന്നോടെന്നും
തിരക്കിലാണെന്ന്
പറഞ്ഞുമറഞ്ഞു
നിന്റെ വാഴ്ത്തുപാട്ടിൽ
ചുണ്ടുചേർക്കാതെ
ചെവിവെക്കാതെ
മലയിറങ്ങി ഞാനും..

നിനക്ക് സമർപ്പിച്ചതിൽ
കുടുംബപേരുകൂടി
മുദ്രവെച്ചിട്ടുണ്ടെല്ലാരും
നിന്റെപട്ടയങ്ങൾ
ഞങ്ങളുടെ കൈകളിലാണ്
മറക്കരുത്..
നിന്റെവഞ്ചന
തിരിച്ചറിയുന്നയന്ന്
നിന്നിൽനിന്നെല്ലാം
പിടിച്ചെടുത്ത്
നിന്നെ തനിച്ചാക്കും

അപ്പഴും, നീ
ഹൃദയത്തിൽനിന്നു
രണ്ടു തുള്ളിയൊഴുകുന്നവരെ
തേടിയിറങ്ങും
നിനക്ക് ഞാൻ
ഒപ്പീസ് ചൊല്ലും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക