Image

ദൈവകൃപയുടെ ആന്ദോളനമാണ് ശ്ലീഹന്മാരില്‍ ലോകം കണ്ട കരുത്തെന്ന് പാപ്പ

Published on 06 July, 2012
ദൈവകൃപയുടെ ആന്ദോളനമാണ് ശ്ലീഹന്മാരില്‍ ലോകം കണ്ട കരുത്തെന്ന് പാപ്പ
വത്തിക്കാന്‍: (വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ നല്കിയ പ്രഭാഷണത്തില്‍നിന്ന്.)

പത്രോസ് പൗലോസ് ശ്ലീഹന്മാരെ ഈ തിരുനാളില്‍ ഒരുമിച്ച് അനുസ്മരിക്കുന്നതുപോലെ, എല്ലായിടത്തും അവര്‍ ഒരുമിച്ചാണ്. ഈ അള്‍ത്താരയുടെ പാര്‍ശ്വങ്ങളില്‍ ഗാംഭീര്യത്തോടെ ഉയര്‍ന്നുനില്ക്കുന്ന ശ്ലീഹന്മാരുടെ രണ്ടു ശില്പങ്ങളും നോക്കൂ. രണ്ട് അപ്പസ്തോല പ്രമുഖന്മാരെയും അവിഭക്തരായിട്ടാണ് ക്രൈസ്തവ പാരമ്പര്യം എന്നും മാനിച്ചിട്ടുള്ളത്. കാരണം ക്രിസ്തുവിന്‍റെ ഈ അരുമശിഷ്യര്‍ ഒത്തൊരുമിച്ചാണ് സുവിശേഷത്തിന്‍റെ സമഗ്രരൂപം ചരിത്രത്തില്‍ സൃഷ്ടിച്ചതും വരച്ചുകാട്ടിയതും. വിശുദ്ധ പത്രോസ് തന്‍റെ കൈയ്യില്‍ താക്കാല്‍ പിടിച്ചും, പൗലോസ് വാളുമേന്തിയും നില്ക്കുന്നതാണ് പരമ്പരാഗതമായിട്ടുള്ള ചിത്രീകരണങ്ങള്‍. പ്രതീകാത്മകമെങ്കിലും ദിവ്യഗുരുവായ ക്രിസ്തുവിന്‍റെ പ്രബോധനങ്ങളിലും സുവിശേഷ സംഭവങ്ങളിലും അധിഷ്ഠിതമാണ് ഈ രണ്ടു ചിഹ്നങ്ങള്‍ - താക്കോലും വാളും.

മാനുഷികതയില്‍ പത്രോസും പൗലോസും വ്യത്യസ്തരായിരുന്നു. അവരുടെ ഇടയില്‍ ഉയര്‍ന്ന മാനുഷിക ഭിന്നതകള്‍ക്ക് അതീതമായ സുവിശേഷാധിഷ്ഠിതമായ ഒരു നവസാഹോദര്യത്തിന്‍റെ ചൈതന്യം തെളിഞ്ഞു നില്ക്കുന്നുണ്ട്. ക്രിസ്തുവിനെ സമ്പൂര്‍ണ്ണമായി അനുഗമിക്കുന്നതിലൂടെ മാത്രമേ
ഈ സാഹോദര്യവും കൂട്ടായ്മയും ആര്‍ജ്ജിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നതാണ്. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ സംയുക്തമായ ഈ തിരുനാള്‍ ആഘോഷത്തിന്‍റെ പൊരുള്‍. എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസും ഇന്ന് ലോകത്തെ വിവിധ ക്രൈസ്തവ കൂട്ടായ്മകളും റോമിലെ മെത്രാനോടൊപ്പം ആഗ്രഹിക്കുന്ന സമ്പൂര്‍ണ്ണ ഐക്യം പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ആത്മീയ ഐക്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ക്രിസ്തുവിന്‍റെ സഭ പടുത്തുയര്‍ത്തപ്പെടുവാന്‍ അടിത്തറ പാകിയ ശിലയാണ് പത്രോസ്.
‘ക്രിസ്തു ലോക രക്ഷകനാണ്,’ എന്ന ദൈവിക വെളിപാടിലൂടെയാണ് പത്രോസ് വിശ്വാസത്തിന്‍റെ അടിസ്ഥാനവും പാറയുമായി തീരുന്നത്. മാനുഷിക കഴിവുകളാലല്ല, ദൈവകൃപയാലാണ്, ഈ ലോകത്ത് സാക്ഷാത്ക്കരിക്കപ്പെട്ട സഭാ സമൂഹത്തിന്‍റെ ഉറപ്പുള്ള പാറയും അടിത്തറയുമായി പത്രോസ് തീരുന്നത്. മാനുഷിക കഴിവുകളെ അതിജീവിക്കുന്ന ദൈവകൃപയുടെ കരുത്താണ് പത്രോസ് എന്ന മനുഷ്യനില്‍ ലോകം കണ്ടത്. സഭാചരിത്രം പരിശോധിക്കുമ്പോള്‍ ഒരുഭാഗത്ത് സഭാ നേതൃത്വത്തിന്‍റെ മാനുഷികതയും മറുഭാഗത്ത് ദൈവകൃപയുടെ ആത്മീയതയും, രണ്ടും തമ്മിലുള്ള സംഘട്ടനം ഉടനീളം കാണാന്‍ സാധിക്കും. ദൈവകൃപയോടുള്ള തുറവുകൊണ്ടു മാത്രമേ ഈ സംഘട്ടനവും മാനുഷിക ബലഹീനതകളും മറികടക്കാനാവൂ. ക്രിസ്തു നല്കുന്ന അധികാരത്തിനെതിരെ “നരക വാതിലുകള്‍, അല്ലെങ്കില്‍ തിന്മയുടെ ശക്തികള്‍ പ്രബലപ്പെടുകയില്ല,” എന്ന വാഗ്ദാനം സുവിശേഷത്തില്‍ കാണുന്നു. അങ്ങനെ ക്രിസ്തുവിനാല്‍ സ്ഥാപിതമായതും ചരിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്ക്കുന്നതുമായ സഭ, പത്രോസെന്ന വ്യക്തിയെയും അതിജീവിച്ചാണ് ഇന്നും ലോകത്ത് ഉയര്‍ന്നു നില്ക്കുന്നു.

പത്രോസിന്‍റെ കൈയ്യില്‍ എപ്പോഴും ചിത്രീകരിക്കപ്പെട്ടിട്ടുള്ള താക്കോല്‍ സഭയുടെ അധികാരത്തിന്‍റെ പ്രതീകമാണെങ്കിലും, വിശ്വസ്തയ്ക്കുള്ള പാരിതോഷികമാണ് അധികാരമെന്ന് സുവിശേഷം വ്യക്തമാക്കുന്നുണ്ട്. പഴയ നിയമത്തില്‍ ഏശയ്യാ പ്രവാചകന്‍റെ വാക്കുകളില്‍, ദാവീദിന്‍റെ ഭവനത്തിനുമേല്‍ കര്‍ത്താവു നല്കുന്ന അധികാരത്തിന്‍റെ പ്രതീകമാണ് താക്കോല്‍.

ഭൂമിയില്‍ പാപം ബന്ധിക്കുവാനും അഴിക്കുവാനുമുള്ള അധികാരം, അതായത് പാപം പിടിക്കുവാനും പൊറുക്കുവാനുമുള്ള അധികാരമാണ് ക്രിസ്തു നല്കിയത്. സഭയിലെ പാപമോചനത്തിനുള്ള അധികാരമാണ് ഇത് സൂചിപ്പിക്കുന്നത്. സഭയുടെ അജപാലന ശുശ്രൂഷയുടെ കേന്ദ്രസ്ഥായി പാപമോചനവും അനുരഞ്ജനവുമാണ്. സഭ പരിപൂര്‍ണ്ണരുടെ കൂട്ടായ്മയല്ല, മറിച്ച് പാപികളുടെ സമൂഹമാണ്. ദൈവസ്നേഹത്തെ എന്നും എവിടെയും അംഗീകരിച്ചും ഏറ്റു പറഞ്ഞുകൊണ്ടും, ക്രിസ്തുവിന്‍റെ കുരിശിനാല്‍ അനുദിനം അനുരഞ്ജിതമാവുകയും നവീകരിക്കപ്പെടുകയും ചെയ്യേണ്ട സമൂഹമാണ് സഭ. ദൈവശക്തി സ്നേഹമാണ്. ക്രിസ്തുവിന്‍റെ കുരിശില്‍നിന്നും പ്രസരിച്ച സ്നേഹമാണത്. ക്രിസ്തുവിന്‍റെ കലവറയില്ലാത്ത കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അനുസ്യൂതമായ പ്രവാഹമാണത്, മനുഷ്യകുലത്തിന്‍റെ പാപങ്ങള്‍ ഇന്നും കഴുകിക്കളയപ്പെടുന്ന സ്നേഹ നിര്‍ത്ധരി.

പൗലോസ് അപ്പസ്തോലനെ കലാകാരന്മാര്‍ എന്നും വാളുമായിട്ടാണ് ചിത്രീകരിച്ചിരിച്ചിട്ടുള്ളത്. അപ്പസ്തോലന്‍ കൊല്ലപ്പെട്ടത് വാളാലാണ്. എന്നാല്‍, ഈ വാള്‍ അദ്ദേഹത്തിന്‍റെ തീവ്രവും അതിതീക്ഷ്ണവുമായ പ്രേഷിത ചൈതന്യത്തെയും പതറാത്ത സുവിശേഷ പാതയെയും പ്രകടമാക്കുന്നുവെന്ന് വിപുലമായ അദ്ദേഹത്തിന്‍റെ രചനകളില്‍നിന്നും നമുക്കു മനസ്സിലാക്കാം. അപ്പസ്തോലന്‍ തന്‍റെ ശിഷ്യന്‍, തിമോത്തിക്ക് അവസാനമായി എഴുതിയ ലേഖനത്തില്‍ ഇങ്ങനെയാണ് പറയുന്നത്,
“ഞാന്‍ നല്ലയുദ്ധം ചെയ്തു, എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി,” എന്ന്. ക്രിസ്തുവിന്‍റെയും അവിടുത്തെ സഭയുടെയും ധീരനായ യോദ്ധാവും പ്രേഷിതനുമായിരുന്നു പൗലോസ് എന്ന് ഈ പ്രസ്താവത്തില്‍നിന്നും മനസ്സിലാക്കാം. അങ്ങനെ പൗലോസ് ശ്ലീഹാ സഭയാകുന്ന ആത്മീയ സൗധത്തിന്‍റെ ശക്തമായ ശിലയും തൂണുമായി പത്രോസ് ശ്ലീഹായോടൊപ്പം ലോകത്ത് ഉയര്‍ന്നു നില്ക്കുന്നു.

ക്രിസ്തുവാകുന്ന സത്യത്തിന്‍റെ സഹകാരികളും സംവാഹകരും ആകേണ്ടവരാണ് നാം.
എന്നും എവിടെയും, ലോകത്തിന്‍റെ നാല് അതിര്‍ത്തികളിലും, വ്യക്തികളെയും സമൂഹങ്ങളെയും സമന്വയിപ്പിക്കേണ്ട പത്രോസാകുന്ന പാറമേല്‍ പണിതീര്‍ത്ത കൂട്ടായ്മയാണ് സഭ.
ഈ ബോധ്യത്തില്‍നിന്നുമാണ് നാം സത്യമായ ക്രിസ്തുവിന്‍റെ പ്രഘോഷകരാകുന്നത്. ഒന്നായ് ഒരുമയില്‍ നിര്‍വ്വഹിക്കേണ്ട ദൂതും ദൗത്യവുമാണത്. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ ക്രിസ്തുവിലുള്ള അനുരഞ്ജനത്തിനായുള്ള സമര്‍പ്പണം ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ അനിവാര്യമാണ്.
വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ഈ പാതയില്‍ ചരിക്കാന്‍ ദൈവമാതാവും അപ്പസ്തോലന്മാരുടെ രാജ്ഞിയുമായ കന്യകാ മറിയം എവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ പാപ്പ വചനപ്രോഷണം ഉപസംഹരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക