Image

കേരളം (കവിത: ദീപ ബിബീഷ് നായർ)

Published on 01 November, 2021
കേരളം (കവിത: ദീപ ബിബീഷ് നായർ)
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം
കേരഭരിത കേരളം, സ്നേഹ നിബിഡ ഭൂതലം
മനസിലെങ്ങും കവിതയുണരും കാഴ്ചകൾ തന്നുറവിടം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം!!!

മലകളും സമതലങ്ങൾ, കുണുങ്ങിയൊഴുകും പുഴകളും
മതിമറന്നു നൃത്തമാടും മധുരമാമീ മന്ദിരം
പരശുരാമൻ മഴുവെറിഞ്ഞു നേടിയതാം കേരളം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം!!!

ഹരിതഭൂവീ കേരളം, വഞ്ചിപ്പാട്ടിന്നീണമാർന്ന പാരിടം
കവിത്രയങ്ങൾ കവിതകളാൽ  കോർത്തെടുത്ത കേരളം
സഹ്യസാഗരങ്ങളിറുകെപ്പുണർന്ന ദേശജം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം!!!

ശ്രേഷ്ഠഭാഷയ്ക്കമ്മയായ സുന്ദരമാം കേരളം
ഉയരട്ടെ  വിശ്വമാകെ നിൻ്റെ കേൾവി കേട്ട പൈതൃകം
മഴയും കാറ്റും കോളുമേന്തും, കേരളത്തിനുത്സവം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം!!!

അക്ഷരങ്ങളമൃതമാകും മലയാള നാടിനുത്സവം
ആദരിക്കാമമ്മയെ, ഉയിരു തന്ന നന്മയെ
അറുപഞ്ചിൻ പടിയിലെത്തും കേരളത്തെ വാഴ്ത്തിടാം
കേരളം മനോഹരം, പാരിടത്തിൽ സുന്ദരം!!!



Join WhatsApp News
Sudhir Panikkaveetil 2021-11-02 16:50:39
ഇപ്പോൾ കുഷ്ഠരോഗം വന്നു വികൃതമായ കേരളത്തെപ്പറ്റി എഴുതാമായിരുന്നു. ഈ കവിത പണ്ടത്തെ പ്രതാപത്തിന്റെ ഒരു അയവിറക്കൽ . എല്ലാം പോയത് കവി അറിയുന്നില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക