Image

ചിറകറ്റ ശലഭങ്ങള്‍ (കവിത: ജോയ് പാരിപ്പള്ളില്‍)

Published on 28 October, 2021
ചിറകറ്റ ശലഭങ്ങള്‍ (കവിത: ജോയ് പാരിപ്പള്ളില്‍)
പുഞ്ചിരിപൂക്കളെ കാണുന്ന നേരം
ചിറകുംവിരിച്ച് പറക്കരുതേ...
നിറമുള്ള ജീവിതയാത്രയില്‍ നിങ്ങള്‍
ചിറകറ്റ ശലഭമായി വീഴരുതേ....!!

ചതിവല തീര്‍ക്കും ചിലന്തികള്‍ വിഷമുള്ള്-
നെഞ്ചില്‍ കുത്തിയിറക്കുന്ന നേരം
പ്രണന്‍ വെടിയുന്ന പ്രാണികളെപോല്‍
പെണ്‍കുരുന്നീമണ്ണില്‍ പിടയുന്നു കഷ്ടമേ

അച്ഛനായി പുനര്‍ജനിക്കുന്നവര്‍ ചുറ്റിലും
ഗൂഢനോട്ടത്തിന്റെ ചൂണ്ടയെറിയുന്നു
തിരിച്ചറിവില്ലാത്ത പിഞ്ചിളം മേനിയെ
ദംഷ്ട്രമുനകൊണ്ട് കൊത്തിപ്പറിക്കുന്നു

തേങ്ങി കരയുന്ന കുഞ്ഞിളം കൈകളില്‍
മിഠായി നല്‍കി ചിരിച്ചുമയക്കുന്നു
നീച ജന്മത്തിന്റെ കാമപ്പകയില്‍
പൂവിതളൊക്കെയും വാടികൊഴിയുന്നു

പീഡനം ഉത്സവാഘോഷമാക്കീടുവാന്‍
ചാനലുകാരവര്‍ മത്സരിച്ചീടുമ്പോള്‍
കുഞ്ഞിന്റെ വിങ്ങലും അമ്മതന്‍ തേങ്ങലും
കേള്‍ക്കുവതെങ്ങനെ 'സാക്ഷര കേരളം?'

മലയാള മണ്ണിന്റെ നന്മ മറയുമ്പോള്‍
മമനാട് ഭ്രാന്തിന്‍ നികേതനമാകുമ്പോള്‍
ഗദ്ഗതം തേങ്ങി കരയുന്നു ഞാനിന്ന്
പെണ്ണിന്റെ ജന്മം ശാപമോ ഈ നാട്ടില്‍?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക