Image

സോളമനും നീതി ന്യായവും (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 27 October, 2021
 സോളമനും നീതി ന്യായവും   (തൊടുപുഴ കെ ശങ്കർ മുംബൈ)

 (പ്രമേയം: ഒരിക്കൽ ഹംഗറി എന്ന രാജ്യത്തിൽ ഒരു ശിശുവിന്റെ മാതൃത്വം രണ്ടു സ്ത്രീകൾ ഒരുമിച്ചു അവകാശപ്പെടുകയുണ്ടായി. അപ്പോൾ രാജാവും അതി ബുദ്ധിമാനുമായ സോളമൻ അവരിൽ യഥാർത്ഥ മാതാ  വാരാണെന്നു  തന്ത്ര പൂർവ്വം കണ്ടുപിടിച്ച രസകരമായ  കഥ കാവ്യ രൂപത്തിൽ. എ. ഡി. 1053 നും 1087 നും മദ്ധ്യേ ഹംഗറി ഭരിച്ച വിശ്വ വിഖ്യാതനായ രാജാവാണ് സോളമൻ.)
 

പണ്ടു പണ്ടൊരു കാലം 'ഹംഗറി' നഗരത്തിൽ
രണ്ടു നാരികൾ ഒരു കുഞ്ഞിനായ് വഴക്കിട്ടു!
കണ്ഠത്തിൽ വരും വേണ്ടാ വാർത്തകൾ വിളിച്ചോതി
ശണ്ഠ തൻ മൂർദ്ധന്യത്തിൽ പിടിയും വലിയുമായ്!

കണ്ടു നിന്നവരെല്ലാം വീക്ഷിച്ചു സകൗതുകം
കണ്ടിട്ടില്ലാത്തതുപോൽ ഇതുപോലൊരു ദൃശ്യം!
നീതി ന്യായത്തിൽ അഗ്രഗണ്യനാം സോളമന്റെ
നീതിപീഠത്തിൻ മുന്നിൽ എത്തിച്ചേർന്നിരുവരും!

തന്റേതാണീ കൈകുഞ്ഞെന്നോതിനാരിരുവരും
തന്റേടത്തോടെ തന്നെ സോളമ സമക്ഷത്തിൽ!
സോളമൻ ചൊന്നാൻ, സത്യ മെന്താണെന്നറിയുവാൻ
സൗമ്യമായ്‌ പ്രയോഗിച്ച മാർഗ്ഗങ്ങൾ പിഴച്ചപ്പോൾ,

"മാതൃത്വമിരുവരും അവകാശപ്പെടുമ്പോൾ
മാതൃകാ പരമൊരു മാർഗ്ഗം ഞാൻ നിർദ്ദേശിക്കാം!
പൈതലെയിരുവർക്കും തുല്യമായ് നിമിഷത്തിൽ
പകുത്തു നൽകാം" തീർച്ചയാക്കിനാൻ സലോമനും!

ഇരുവരിലൊരുത്തി യോതിനാൾ കുലങ്കുഷം
കാരുണ്യവാനാം മഹാരാജനോടിദമുടൻ:
"പൈതലിൻ പാതിയേലും ലഭ്യമെന്നാലും തെല്ലും
വൈക്ലബ്യമെനിക്കില്ല, തൃപ്ത ഞാൻ  ലഭിപ്പതിൽ"!

കണ്ണുനീർ പൊഴിച്ചുകൊണ്ടോതിനാളടുത്തവൾ
"പൊന്നു തമ്പുരാനേയെൻ പൈതലെ പകുക്കല്ലേ!
അവളേ മുഴുവനായ് കുഞ്ഞിനെ എടുത്തോട്ടെ
ആയുസ്സോടതു നീണാൾ സൗഖ്യമായിരിക്കട്ടെ"!

സംവാദം സമസ്തവും സശ്രദ്ധം ശ്രവിച്ചിട്ടു
സർവ്വജ്ഞ പീഠം  പൂകും സോളമൻ  കൽപ്പിച്ചിദം:
"പൈതലിൻ യഥാർത്ഥമാം മാതാവിനു കൈക്കുഞ്ഞും
കൈതവ മാർഗ്ഗം പൂണ്ട നാരിക്കു കൈയാമവും"!

Join WhatsApp News
Sudhir Panikkaveetil 2021-10-27 22:05:46
ശ്രീ തൊടുപുഴ കെ ശങ്കർ സാറിന്റെ കവിത വായിച്ചു. ഹംഗറിയിൽ ഒരു സോളമനുണ്ടായിരുന്നു. പക്ഷെ അദ്ദേഹമാണോ കുട്ടിയുടെ യഥാർത്ഥ മാതാവിനെ കണ്ടെത്തിയത്. അത് ബൈബിളിലെ ജ്ഞാനിയായ സോളമനല്ലേ. കവിയെ ഇത് അറിയിക്കണോ? പിന്നെ തോന്നി എഴുതിയവർ പോലും അതു വായിക്കാത്ത കാലത്ത് ഒരു വായനക്കാരൻ കണ്ടുപിടിച്ച തെറ്റ് എന്തിനു ചൂണ്ടിക്കാട്ടണം. സമയത്തിനു വിലയുണ്ടല്ലോ? അപ്പോൾ അതാ അധ്യാപികയായ ശ്രീമതി മാർഗരറ്റ് ജോസഫ് വിളിക്കുന്നു. സുധീർ, കവിക്ക് തെറ്റ് ചൂണ്ടികാട്ടികൊടുക്കു, അദ്ദേഹം ഇനി ഇങ്ങനെ അബദ്ധം എഴുതാതിരിക്കട്ടെ അധ്യാപികമാർ പറഞ്ഞാൽ ശിഷ്യർ അനുസരിക്കണം. ശങ്കർ ജി രണ്ടു പേര് കവിത വായിച്ചുവെന്നു അഭിമാനിക്കുക.
American Mollakka 2021-10-28 21:53:55
ശ്രീമതി മാർഗരറ്റ് ജോസെഫ് സാഹിബ അസ്സലാമു അലൈക്കും ,എയ്തുക്കാർ തെറ്റുകൾ എയ്തുമ്പോൾ ഗുരുവായ അവിടന്ന് അതൊക്കെ തിരുത്തുന്നത് ബായനക്കാർക്ക് ഗുണം തന്നെ. തെറ്റ് ബരുത്തുന്ന, തിരുത്താൻ കൂട്ടാക്കാത്ത എയ്ത്തുകാർക്ക് ഇങ്ങള് ഇമ്പോസിഷൻ ശിക്ഷ നൽകണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക